പവൻ ഖേര

'ചരിത്രം നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടി കരയുന്നു; രാഹുലിനെ വിമർശിച്ച് രാജഭരണത്തെ സിന്ധ്യ വെള്ളപൂശുന്നു'

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ രാജകുടുംബങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര. ചില രാജകുടുംബങ്ങളുടെ നല്ല സംഭാവനകൾക്ക് അനേകരുടെ ദുഷ്പ്രവൃത്തികളെ മറയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജ്യോതിരാദിത്യ സിന്ധ്യ ചരിത്രത്തെ വെള്ളപൂശുകയാണെന്നും പവൻഖേര ആരോപിച്ചു.

'ചരിത്രം നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടി കരയുന്നു. ഭരണഘടനയുടെ 26-ാം ഭേദഗതി നടപ്പാക്കിയില്ലെങ്കിൽ ഇന്നും ഇന്ത്യാ ഗവൺമെൻ്റ് ഗ്വാളിയോർ രാജകുടുംബത്തിന് നികുതി രഹിത അലവൻസുകളായി കോടിക്കണക്കിന് രൂപ നൽകുമായിരുന്നു. പല രാജകുടുംബങ്ങളുടെയും വഞ്ചനയും ബ്രിട്ടീഷുകാരോടുള്ള അവരുടെ കൂറും നിങ്ങൾ മറന്നിരിക്കാം, എന്നാൽ ഞങ്ങൾക്ക് അത് കഴിയില്ല. ഒരു രാജകുടുംബത്തിൻ്റെ പിസ്റ്റൾ രാഷ്ട്രപിതാവിനെ വധിക്കാൻ ഉപയോഗിച്ചതായി ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. ചില രാജകുടുംബങ്ങളുടെ നല്ല സംഭാവനകൾക്ക് അനേകരുടെ ദുഷ്പ്രവൃത്തികളെ മറയ്ക്കാൻ കഴിയില്ല" -പവൻഖേര എക്സ് പോസ്റ്റിൽ പറഞ്ഞു.

കോൺഗ്രസ് സ്വേച്ഛാധിപത്യ പ്രത്യയശാസ്ത്രം വളർത്തിയെടുക്കുകയും ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ അവഗണിക്കുകയും ചെയ്യുന്നുവെന്ന സിന്ധ്യയുടെ വിമർശനത്തോടും ഖേര പ്രതികരിച്ചു. സർദാർ പട്ടേലും പണ്ഡിറ്റ് നെഹ്‌റുവും രാജാക്കന്മാരെയും രാജകുമാരന്മാരെയും പ്രത്യേകാവകാശങ്ങൾ വിട്ടുകൊടുക്കാനും അധികാരം സാധാരണക്കാർക്ക് കൈമാറാനും നിർബന്ധിച്ചതിൻ്റെ വേദന ചില രാജകുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് അവരുടെ ആഖ്യാനത്തിന് അനുയോജ്യമായ രീതിയിൽ ചരിത്രം തിരുത്തിയെഴുതാൻ അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ഏത് വ്യക്തിയും, എത്ര ഉയർന്ന പദവിയിലായാലും, തങ്ങൾ ദൈവത്താൽ മനുഷ്യരാശിയെ ഭരിക്കാൻ വന്നിരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അങ്ങേയറ്റം ഹീനമാണ്' എന്ന ഭരണഘടനാ അസംബ്ലിയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ പരാമർശവും ഖേര ഉദ്ധരിച്ചു.

ഭരണഘടനയെ പോക്കറ്റ് ഡയറി'യായി കണക്കാക്കുന്ന രാഹുൽ ഗാന്ധിയുടെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള രാജകുടുംബങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പ്രസ്താവന അദ്ദേഹത്തിൻ്റെ സങ്കുചിത ചിന്തയെയും ധാരണയെയും തുറന്നുകാട്ടുന്നുവെന്ന് സിന്ധ്യ സമൂഹമാധ്യമ പോസ്റ്റിൽ അഭിപ്രായപ്പെട്ടു. അധികാരത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള ദാഹത്തിൽ, രാജകുടുംബങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ സമത്വത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും അടിത്തറയിട്ടത് അദ്ദേഹം മറന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന ഒരു റാലിയിൽ, സ്വാതന്ത്ര്യത്തിന് മുമ്പ് പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാജാക്കന്മാർ മാത്രമേ ശക്തരായിരുന്നുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. 

Tags:    
News Summary - Congress Leader Pawan Khera Slams Jyotiraditya Scindia Amid Row Over Rahul Gandhi's Royal Families Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.