ന്യൂഡൽഹി: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ നടത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും ശങ്ക തീരാതെ കോൺഗ്രസ്. ക്ഷണം കിട്ടിയിട്ടുണ്ടെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പഴയ പ്രിൻസിപ്പൽ സെക്രട്ടറിയും രാമക്ഷേത്ര തീർഥ ട്രസ്റ്റിന്‍റെ സെക്രട്ടറിയുമാണ് തന്നെ വന്നുകണ്ട് ക്ഷണക്കത്ത് നൽകിയതെന്നും ഖാർഗെ പറഞ്ഞു. ക്ഷണപ്രകാരം പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവായ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ, ഇത്തരം തീരുമാനങ്ങൾ വ്യക്തിപരമായ വിശ്വാസങ്ങളുടെ ഭാഗമാണെന്നായിരുന്നു ഖാർഗെയുടെ മറുപടി. ക്ഷണമുണ്ടെങ്കിൽ നിങ്ങൾക്ക് പോകാം, ആർക്കും പോകാം. ഇന്നോ, നാളെയോ, മറ്റൊരിക്കലോ, ഏതുസമയത്തും പോകാം -അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗെക്കു പുറമെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, കോൺഗ്രസിന്‍റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കും ക്ഷണം കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉചിതസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് നേരത്തേ കോൺഗ്രസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.