ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ മുന്നേറ്റം നടത്തുമെന്ന് അഭിപ്രായ സര്‍വേ ഫലം. എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നത്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറുമെന്നും രാജസ്ഥാന്‍ ബി.ജെ.പി തിരിച്ചു പിടിക്കും. മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നു.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ലഭിക്കും. 230 സീറ്റുകളില്‍ കോണ്‍ഗ്രസിന് 113 മുതല്‍ 125 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബി.ജെ.പിക്ക് 104 മുതല്‍ 116 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത. ബി.എസ്.പിക്ക് രണ്ട് സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ മൂന്ന് സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ ഫലം.
തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകും. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്)യും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമാകും നടക്കുക. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെയും ബി.ആർ.എസിന് 43 മുതല്‍ 55 സീറ്റുകൾ വരെയും നേടാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചാലും ബി.ജെ.പിക്ക് 5 മുതല്‍ 11 വരെ സീറ്റുകളെ ലഭിക്കൂവെന്നും അഭിപ്രായ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് അധികാരത്തുടർച്ച ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം. എന്നാൽ, കടുത്ത മത്സരം നടക്കും. 90 സീറ്റുകളില്‍ 45 മുതല്‍ 51 വരെ സീറ്റുകളിൽ കോണ്‍ഗ്രസും 39 മുതല്‍ 45 വരെയാണ് ബി.ജെ.പിക്കും ലഭിക്കാൻ സാധ്യത. മറ്റു പാര്‍ട്ടികൾ പരമാവധി രണ്ട് സീറ്റുകള്‍ വരെ പിടിക്കും.
രാജസ്ഥാനില്‍ ബി.ജെ.പി മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 127 മുതല്‍ 137 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോണ്‍ഗ്രസ് 59 മുതല്‍ 69 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവര്‍ ആറ് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചനം.
മിസോറാമില്‍ ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും പ്രവചനം. മിസോ നാഷണല്‍ ഫ്രണ്ടിന് (എം.എൻ.എഫ്) 13 മുതൽ 17 വരെയും കോണ്‍ഗ്രസ് 10 മുതല്‍ 14 വരെയും സോറം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്.പി.എം) 9 മുതല്‍ 13 വരെയും സീറ്റുകൾ പിടിച്ചേക്കുമെന്നാണ് അഭിപ്രായ സര്‍വേ ഫലം പറയുന്നുത്. മറ്റു പാർട്ടികൾക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് (എം.എൻ.എഫ്) ആണ് നിലവിൽ ഭരണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.