കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്

ന്യൂഡൽഹി: ``കള്ളന്മാർക്കെല്ലാം മോദിയെന്ന പേര്'' പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഡൽഹിയിൽ ഉജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്. സൂറത്തിൽ വിധി കേൾക്കാനെത്തി മടങ്ങുന്ന രാഹുലിനെ ദില്ലി വിമാനത്താവളത്തിലാണ് വൻ സ്വീകരണമൊരുക്കിയത്. ഇതിനായി പാർട്ടിയുടെ പ്രമുഖ നേതാക്കളും എം പിമാരെല്ലാവരും നേരത്തെ ദില്ലി വിമാനത്താവളത്തിലെത്തിയിരുന്നു. പ്രമുഖ നേതാക്കൾക്കും എം.പി.മാർക്കും ഒപ്പം പ്രവർത്തകരും രാഹുലിനെ ദില്ലിയിൽ സ്വീകരിക്കാനെത്തി.

അതേസമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് സി.ജെ.എം കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി അന്നത്തെ പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് കോടതിയിലെത്തിയത്. കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയ കോടതി രണ്ട് വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.

അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. രാഹുലിന് ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിധി വന്നതിനെ തുടർന്ന് രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ വാക്കുകളാണ് ട്വീറ്റ് ചെയ്തത്. അതിങ്ങനെ `` സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാർഗം​​'' 


Tags:    
News Summary - Congress has prepared a rousing welcome for Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.