പട്ന: ബിഹാറിൽ എൻ.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവചനങ്ങൾ തള്ളി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് 400ലേറെ സീറ്റ് എന്ന് പ്രചരിപ്പിച്ചിട്ടും കേവല ഭൂരിപക്ഷം കിട്ടാതിരുന്നത് ഖാർഗെ ഓർമിപ്പിച്ചു. 243ൽ 160ലേറെ സീറ്റുകൾ ബിഹാറിൽ കിട്ടുമെന്നാണ് അമിത് ഷായുടെ പ്രവചനം. കോൺഗ്രസിന്റെ തലയിൽ ‘കട്ട’ (നാടൻ തോക്ക്) ചൂണ്ടിയാണ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥിയായതെന്ന മോദിയുടെ ആരോപണത്തോടും ഖാർഗെ പ്രതികരിച്ചു.
പ്രധാനമന്ത്രിക്കുപോലും തങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരും. പാകിസ്താനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് തന്റെ തലയിൽ ഒരു ‘കട്ട’ വെച്ചിരുന്നോ എന്ന് മോദി പറയണമെന്ന് ഖാർഗെ പരിഹസിച്ചു. മോദിയും അമിത് ഷായും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു. നേതൃത്വത്തിന്റെ കാര്യത്തിൽ പോലും ധാരണയില്ലാതെ വീണ്ടും അധികാരത്തിൽ വരുമെന്ന് അവകാശപ്പെടാനാകില്ലെന്നും ഖാർഗെ പി.ടി.ഐ വിഡിയോയുമായുള്ള അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 160ലധികം സീറ്റുകളോടെ വിജയിക്കുമെന്ന അവകാശവാദങ്ങളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംശയം പ്രകടിപ്പിച്ചു.
‘അവർ എങ്ങനെ അറിയും? ജ്യോതിഷികളാണോ? എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയാൽ മാത്രമേ അവർക്ക് ഉറപ്പുണ്ടാകൂവെന്ന് വേണുഗോപാൽ പറഞ്ഞു. വോട്ട് മോഷണത്തിനെതിരായ പ്രചാരണത്തിലൂടെ രാഹുൽ ഗാന്ധി അടിവരയിടാൻ ശ്രമിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.