രാഹുലിന്‍റെ യാത്ര ഹിമാചലിൽ പ്രയോജനപ്പെട്ടോ? കോൺഗ്രസ് അധ്യക്ഷന്‍റെ മറുപടി

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ പിന്നിലാക്കി മിന്നും ജയമാണ് കോൺഗ്രസ് നേടിയത്. 39 സീറ്റുകൾ ജയിച്ച കോൺഗ്രസ് 2017നേക്കാൾ 18 സീറ്റ് കൂടുതൽ നേടിയാണ് അധികാരത്തിൽ തിരിച്ചെത്തിയത്. ഗുജറാത്തിലേറ്റ തിരിച്ചടിക്ക് പാർട്ടി ആശ്വാസം കണ്ടെത്തുന്നത് ഹിമാചൽ ജയത്തിലൂടെയാണ്.

മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ വിജയത്തിൽ നിർണായകമായെന്ന് പറഞ്ഞിരിക്കുകയാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിജയത്തിന്‍റെ ക്രെഡിറ്റ് അദ്ദേഹം ഗാന്ധി കുടുംബത്തിനാണ് നൽകിയത്.

ഭാരത് ജോഡോ യാത്ര നയിക്കുകയായിരുന്ന രാഹുൽ ഹിമാചലിൽ കാമ്പയിൻ ചെയ്തിരുന്നില്ല. യാത്ര ഹിമാചലിലെത്തിയിട്ടുമില്ല. യാത്രയിൽ നിന്ന് ഇടവേളയെടുത്ത് ഗുജറാത്തിൽ ഏതാനും റാലികൾ നടത്തിയെങ്കിലും അവിടെ കനത്ത തിരിച്ചടിയാണുണ്ടായത്. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്ക് സന്ദേശം നൽകുകയാണ് രാഹുൽ ചെയ്തത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഹിമാചലിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വമേറ്റെടുത്തത്. ശക്തമായി കാമ്പയിൻ ഏറ്റെടുത്ത പ്രിയങ്കക്ക് ഗാർഖെ നന്ദി രേഖപ്പെടുത്തി. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുഗ്രഹം എപ്പോഴുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'വോട്ടർമാരോട്, പാർട്ടി പ്രവർത്തകരോട്, നേതാക്കളോട് നന്ദി രേഖപ്പെടുത്തുന്നു. അവരുടെ പ്രവർത്തനത്തിന്‍റെ ഫലമാണ് ഈ ജയം. പാർട്ടി നിരീക്ഷകർ ഹിമാചലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഗവർണറെ എപ്പോൾ കാണണമെന്നത് സംബന്ധിച്ച് അവർ തീരുമാനമെടുക്കും' -ഖാർഗെ പറഞ്ഞു. 

Tags:    
News Summary - Congress Chief On Bharat Jodo Yatra Himachal Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.