ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ കടന്നുകയറാൻ അഴിഞ്ഞാട്ടക്കാരെ അനുവദിച്ചതിന് ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോൺഗ്രസ്. ചൊവ്വാഴ്ച ചെങ്കോട്ടയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ കാരണം ഇൻറലിജൻസ് വിവരമുണ്ടായിട്ടും മുൻകരുതൽ നടപടി സ്വീകരിക്കാത്തതാണ്. ഇത് ആഭ്യന്തര മന്ത്രിയുടെ വീഴ്ചയാണ്. ചെങ്കോട്ട സംരക്ഷിക്കാൻ ഒരു സർക്കാറിന് കഴിയാതെ പോകുന്നത് ആദ്യ സംഭവമാണ്.
ഒരു വർഷത്തിനിടയിൽ വംശീയ അതിക്രമം അടക്കം രണ്ടുവട്ടം ദേശീയ തലസ്ഥാനത്ത് അക്രമസംഭവങ്ങൾ നടന്നതിന് ആഭ്യന്തര മന്ത്രി ഉത്തരവാദിയാണ്. അമിത്ഷായെ പദവിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അതിന് തയാറായില്ലെങ്കിൽ, അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്രമോദി സംരക്ഷിക്കുന്നുവെന്നും ഗൂഡാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ് അർഥം.
അഴിഞ്ഞാട്ടം നടത്തിയവർക്കുപകരം കർഷക നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കടുത്ത അന്യായമാണ്. അക്രമകാരികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ആഭ്യന്തര മന്ത്രി പരാജയപ്പെട്ടു. സമര നേതാവായി ഇറങ്ങിയ ദീപ് സിദ്ദുവിന് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നിരിക്കേ, ചെങ്കോട്ടയിലെ സംഭവങ്ങൾക്കു പിന്നിലെ ഗൂഢാലോചന തെളിഞ്ഞു. കർഷക സംഘടനകളെയും അവരുടെ സമരത്തെയും അവമതിക്കാനുളള നീക്കമാണ് നടന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർേജവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.