ന്യൂദല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. ഗോവ ക്ലബിലുണ്ടായ തീപിടിത്തവും ഇന്‍ഡിഗോ പ്രതിസന്ധിയും രാജ്യത്തെ വായുമലിനീകരണവും ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകുമോയെന്ന് രാജ്ദീപ് സര്‍ദേശായ് തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ ചോദിച്ചു.
വന്ദേമാതരത്തെ കുറിച്ച് ലോക്‌സഭയില്‍ എന്തിനാണ് 10 മണിക്കൂര്‍ ചര്‍ച്ച നടത്തുന്നതെന്നും രാജ്ദീപ് ചോദിക്കുന്നു. ഇതിലൂടെ നെഹ്റുവിനെ കുറ്റപ്പെടുത്താനും അദ്ദേഹത്തിനെതിരെ പുതിയ ആയുധം സൃഷ്ടിച്ചെടുക്കാനും കേന്ദ്രം ശ്രമിക്കുന്നുവെന്നും രാജ്ദീപ് പറഞ്ഞു.
‘ഗോവ ക്ലബ്ബ് തീപിടുത്തത്തിൽ അശ്രദ്ധയും അഴിമതിയും മൂലം 25 പേർ 'കൊല്ലപ്പെട്ടു. ഇൻഡിഗോയുടെ പറക്കൽ തകരാറിനുശേഷം ആയിരക്കണക്കിന് യാത്രക്കാർ ചൂഷണം ചെയ്യപ്പെടുകയും കണ്ണീരൊഴുക്കുകയും ചെയ്തു. ഭീകരമായ ഭരണത്തിന്റെയും നിയന്ത്രണ കമ്മിയുടെയും വ്യക്തമായ ഉദാഹരണങ്ങളാണിവ.
എന്നാൽ നമ്മുടെ ലോക്‌സഭാ എംപിമാർ ഇന്ന് എന്ത് ചർച്ച ചെയ്യുമെന്ന് ഊഹിക്കാമോ? പ്രധാനമന്ത്രി മോദി നയിക്കുന്ന വന്ദേമാതരത്തെക്കുറിച്ച് 10 മണിക്കൂർ ചർച്ച എന്തിന്? കാരണം സർക്കാറിന് അതുവഴി നെഹ്‌റുവിനെ കുറ്റപ്പെടുത്താനും മറ്റൊരു വലിയ ആയുധം സൃഷ്ടിക്കാനും കഴിയും!
അതേസമയം, ഇന്നത്തെ ‘കത്തുന്ന’ വിഷയങ്ങൾ സ്പർശിക്കില്ല (വായു മലിനീകരണത്തെക്കുറിച്ചും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല). ‘അന്ധേരി നാഗ്രി’ ഇന്ത്യ! ജയ് ഹോ!’ - എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
150ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോക്‌സഭയില്‍ ‘വന്ദേ മാതരം’ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയാണ് ചര്‍ച്ചയുടെ ഉദ്ഘാടകന്‍. നാളെ രാജ്യസഭയിലും വന്ദേ മാതരം ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.
‘പാര്‍ലമെന്റില്‍ വന്ദേ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതോടെ നെഹ്റു എന്ന നേതാവ് തുറന്നുകാട്ടപ്പെടും’ എന്ന് ബി.ജെ.പി എം.പി സംബിത് പത്ര ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.