ന്യൂഡൽഹി: മുർഷിദാബാദിൽ ‘ബാബരി മസ്ജിദ്’ മാതൃകയിലുള്ള പള്ളിക്ക് ശിലയിട്ടതിന് പിന്നാലെ, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീനുമായി (എ.ഐ.എം.ഐ.എം) സഖ്യ ചർച്ച വെളിപ്പെടുത്തി തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ. എന്നാൽ, ഇതിന് പിന്നാലെ ഹുമയൂൺ കബീറിനെ തള്ളി എ.ഐ.എം.ഐ.എം വക്താവ് സൈദ് അസീം വഖാർ രംഗത്തെത്തി. ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ കോർ ഗ്രൂപ്പ് അംഗമാണ് ഹുമയൂൺ കബീറെന്നും സൈദ് അസീം ആരോപിച്ചു.
ഒവൈസിയുടെ പേഴ്സണൽ അസിസ്റ്റന്റുമായി താൻ ബന്ധപ്പെട്ടിരുന്നതായും പാർട്ടിയിൽ ചേരുകയെന്നതിലുപരി സഖ്യത്തിനാണ് നീക്കമെന്നുമായിരുന്നു മാധ്യമങ്ങളെ കണ്ട കബീറിന്റെ വാക്കുകൾ. മുർഷിദാബാദിലെ റെജിനഗറിൽ ശനിയാഴ്ചയാണ് ‘ബാബരി മസ്ജിദ്’ മാതൃകയിലുള്ള പള്ളിക്ക് ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ശിലയിട്ടത്. ഇതിന് പിന്നാലെ, ബി.ജെ.പിയുടെ നേതൃത്വത്തിൽ അയോധ്യ മാതൃകയിലുളള ക്ഷേത്രത്തിനും ജില്ലയിൽ ഭൂമിപൂജ നടത്തിയിരുന്നു.
1990കളുടെ തുടക്കത്തിൽ യൂത്ത് കോൺഗ്രസിനൊപ്പം പൊതുപ്രവർത്തന രംഗത്തെത്തിയ കബീർ 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി റെജിനഗറിൽ വിജയിച്ചിരുന്നു. ഒരു വർഷത്തിനുശേഷം, കാബിനറ്റ് പദവി വാഗ്ദാനം സ്വീകരിച്ച് തൃണമൂൽ പാളയത്തിലെത്തി. മൂന്ന് വർഷത്തിന് ശേഷം തൃണമൂൽ അദ്ദേഹത്തെ ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കബീർ പരാജയപ്പെടുകയും ചെയ്തു. 2018ൽ അദ്ദേഹം ബി.ജെ.പി പാളയത്തിലെത്തി. 2019ൽ അദ്ദേഹം മുർഷിദാബാദ് ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.
ആറ് വർഷത്തെ സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ, തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയ കബീർ 2021 ലെ തിരഞ്ഞെടുപ്പിൽ ഭരത്പൂരിൽ വിജയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, സമുദായ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടി അടുത്തിടെ കബീറിനെ ടി.എം.സി പുറത്താക്കിയിരുന്നു. തുടർന്നാണ് മസ്ജിദ് നിർമാണമടക്കം നീക്കങ്ങളുമായി ഇയാൾ രംഗത്തെത്തിയത്. ഡിസംബർ 17ന് തൃണമൂൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും ഡിസംബർ 22 ന് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും കബീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒവൈസിയുമായി സഖ്യം രൂപീകരിക്കുമെന്നും സി.പി.എമ്മും, ഐ.എസ്.എഫും താനുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ നീക്കുപോക്കുണ്ടാക്കുമെന്നും കബീർ അവകാശപ്പെട്ടിരുന്നു. എന്നാൽ, പാർട്ടികൾ കബീറിന്റെ അവകാശവാദത്തെ തള്ളി രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.