പ്രതീകാത്മക ചിത്രം

ജൂനിയർ വിദ്യാർഥികളുടെ ആക്രമണം; തമിഴ്നാട്ടിൽ 12-ാം ക്ലാസ് വിദ്യാർഥി മരിച്ചു, 15 പേർ അറസ്റ്റിൽ

കുംഭകോണം: തമിഴ്നാട്ടിൽ ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തെത്തുടർന്ന് 12-ാം ക്ലാസ് വിദ്യാർഥി മരിച്ചു. കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരത്തെ ഗവൺമെന്റ് സ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ക്ലാസുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സീനിയർ വിദ്യാർഥിയെ ആക്രമിക്കാൻ മറ്റു വിദ്യാർഥികൾ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

ഡിസംബർ നാലിനാണ് സംഭവം. പതിനഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലക്കേറ്റ അടിയിൽ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ മാതാപിതാക്കൾ ആദ്യം കുംഭകോണത്തെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരണപ്പെട്ടു.

പ്രതികളായ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊലപാതകത്തിന് കേസെടുക്കുമെന്നും പട്ടീശ്വരം പൊലീസ് പറഞ്ഞു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അനാവശ്യ സംഘർഷങ്ങളിൽ ഏർപ്പെടുന്നത് ആശങ്കാജനകമാണെന്ന് സംഭവത്തിൽ പ്രതികരിച്ച പി.എം.കെ നേതാവ് അൻബുമണി രാമദാസ് പറഞ്ഞു. വിദ്യാർഥികൾ തെറ്റായ പാതയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളെ നിയന്ത്രിക്കുന്നത് അധ്യാപകർക്ക് വളരെ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് തടയാൻ സ്കൂളുകൾ മറ്റ് കലകളും പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ക്ലാസിലും ആഴ്ചയിൽ രണ്ട് പീരിയഡുകളെങ്കിലും ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മാതാപിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അധ്യാപകരുമായി ബന്ധം പുലർത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Class 12 student dies after juniors beat him with stick in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.