ന്യൂഡൽഹി: മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി എടുക്കുന്നത് വിലക്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ). ഹോട്ടലുകൾ, പരിപാടികളിലെ സംഘാടകർ, സമാന സ്ഥാപനങ്ങൾ എന്നിവർ ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാർ നിയമത്തിന്റെ ലംഘനമാണ്.
പകരം ക്യൂആർ കോഡ് സ്കാനിങ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെരിഫിക്കേഷൻ അനുവദിക്കുമെന്നാണ് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ അറിയിച്ചത്. പേപ്പർ അധിഷ്ഠിത ആധാർ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം
രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങൾ എല്ലായിടത്തും ഉടൻ കൊണ്ടുവരും.
ഹോട്ടൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സേവനങ്ങൾ ലഭിക്കാൻ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെ ആണ് ബാധിക്കുന്നത്. ഇങ്ങനെ ഫോട്ടോ കോപ്പി നൽകുമ്പോൾ തങ്ങളുടെ വിവരങ്ങൾ ചോർന്നുപോകുമോ എന്ന് ഭയക്കുന്നവർ ഒരുപാടുണ്ട്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഭുവനേഷ് കുമാർ വ്യക്തമാക്കി.
പുതിയ നിയമം നിലവിൽ വരുന്നതോടെ മറ്റൊരാകളുടെ ആധാർ കാർഡ് ഫോട്ടോ കോപ്പി എടുക്കുന്ന ആളുകൾക്കും കമ്പനികൾക്കുമെതിരെ കർശന നടപടിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.