ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം

എസ്.ഐ.ആറും വോട്ട് ചോരിയും തോൽവിക്ക് കാരണമായി; അർഹരെ വെട്ടി, സീറ്റ് കച്ചവടം നടന്നുവെന്ന് പ്രാദേശിക നേതാക്കൾ -ബിഹാർ തോൽവി പരിശോധിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയുടെ കാരണം തേടി കോൺ​ഗ്രസ്. വിജയിച്ച എം.എൽ.എമാരും തോറ്റ സ്ഥാനാർഥികളും പ്രാദേശിക നേതാക്കളും തോൽവിയുടെ കാരണം ബോധിപ്പിക്കാനായി ന്യൂഡൽഹിയിലെത്തിയ അവലോകന യോഗം വാദ പ്രതിവാദങ്ങളുടെ വേദിയായി മാറി.

തെരഞ്ഞെടുപ്പ് കമീഷൻ തിരക്കിട്ട് നടത്തിയ വോട്ടർപട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ)വഴി നിയമാനുസൃത വോട്ട് കൊള്ള നടന്നുവെന്ന് ബിഹാർ കോൺഗ്രസ് നേതാക്കൾ പരാതിയുന്നയിച്ചു. അതേസമയം, സംസ്ഥാന, കേന്ദ്ര​ നേതൃത്വത്തിനെതിരെ തുറന്നടിച്ചായിരുന്നു സ്ഥാനാർഥികളും പ്രാദേശിക നേതാക്കളും അവലോകന യോഗത്തിൽ പരാതിപ്പെട്ടത്.

സീറ്റ് വിൽപന മുതൽ സ്വന്തക്കാർക്ക് സ്ഥാനാർത്ഥിത്തം നൽകിയും, തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിമാറിയെത്തിയവർക്ക് സീറ്റ് നൽകിയും സംസ്ഥാന നേതൃത്വം തോൽവിക്ക് വഴിയൊരുക്കിയെന്നും ആരോപണമുയർന്നു. സീമാഞ്ചൽ ഉൾപ്പെടെ മേഖലകളിൽ ​കോൺഗ്രസിന് അനുകൂലമാകേണ്ട വോട്ടുകൾ ഭിന്നിച്ചുവെന്നും ബോധ്യപ്പെടുത്തി.

ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കു മുമ്പാകെയായിരുന്നു പാർട്ടി നേതാക്കൾ തോൽവിയുടെ കാരണങ്ങൾ എണ്ണിയത്. അതേസമയം, അവലോകന യോഗത്തിൽ നിന്നും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സിബിഹാർ നിരീക്ഷകൻ കൃഷ്ണ അല്ലാവാരു എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിൽ മാത്രം ജയിച്ച് നിരാശപ്പെടുത്തിയതിനു പിന്നാലെയാണ് ദേശീയ നേതൃത്വം തോൽവിയുടെ കാരണങ്ങൾ പഠിക്കാനായി സംസ്ഥാനത്തെ സ്ഥാനാർഥികളെയും നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചത്. സംഘമായും, തനിച്ചും ഇവർ ദേശീയ നേതാക്കളുമായി കൂടികാഴ്ച നടത്തി തങ്ങളുടെ പരാതികളും നിഗമനങ്ങളും പങ്കുവെച്ചു. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുമായി ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തിഗത കൂടികാഴ്ച നടത്തി.

കോൺഗ്രസിന്റെ തോൽവിക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അറാറിയയിൽ നിന്നും ജയിച്ച എം.എൽ.എ അബ്ദുർ റഹ്മാൻ ആവശ്യപ്പെട്ടു.

പാർട്ടി സീറ്റുകൾ വിറ്റതും, അർഹരായവരെ തള്ളി, അനർഹരെ തിരുകികയറ്റിയതും വോട്ട് ചോർച്ചക്ക് ഇടയാക്കിയതായി ഇദ്ദേഹം വ്യക്തമാക്കി. അണികൾക്കിടയിൽ വിശ്വാസ്യത നിലനിർത്താനും, പാർട്ടിയെ പുനഃസംഘടിപ്പിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ അവലോകന യോഗത്തിൽ ബിഹാർ കോൺഗ്രസ് നേതാക്കൾതമ്മിൽ രൂക്ഷമായ വാക്കു തർക്കവും കൊലവിളിയും ഉയർന്നതായി റിപ്പോർട്ടുണ്ട്. പൂർണിയയിൽ നിന്നുള്ള സ്ഥാനാർഥി ജിതേന്ദർ കുമാറും, മറ്റൊരു നേതാവ് എഞ്ചിനീയർ സഞ്ജീവും തമ്മിലാണ് അവലോകന യോഗത്തിൽ തർക്കയും കൊലവിളിയും നടത്തിയത്. സീറ്റ് വിൽപന നടത്തിയതായി സഞ്ജീവ് ആരോപിച്ചപ്പോൾ ജിതേന്ദർ കുമാർ ഇത് നിഷേധിച്ച് രംഗ​ത്തെത്തി. തുടർന്നായിരുന്നു തർക്കത്തിനൊടുവിൽ ‘ഗോലിമാർ ദുംഗ’ വിളിച്ച് വെടിവെക്കുമെന്ന് ഭീഷണി ഉയർത്തിയത്. ദേശീയ നേതാക്കളായ ഖാർഗെയും രാഹുൽ ഗാന്ധിയും ​ഇല്ലാത്തപ്പോഴായിരുന്നു സംഭവം. എന്നാൽ, കോൺഗ്രസ് എം.പി പപ്പു യാദവ് സംഭവം നിഷേധിച്ചു.

അതേസമയം, എസ്.ഐ.ആർ വഴി വോട്ടുകൾ വ്യാപമായി കൊള്ളചെയ്യപ്പെട്ടുവെന്ന് മുഴുവൻ സ്ഥാനാർഥികളും അഭിപ്രായപ്പെട്ടതായി ബിഹാർ കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.വി.എം തട്ടിപ്പ്, കാശ് കൊടുത്ത് വോട്ട് വാങ്ങൽ, തെരഞ്ഞെടുപ്പ് ചട്ട ലംഘം, പ്രതിപക്ഷ സ്ഥാനാർഥികൾക്കെതിരായ നടപടി തുടങ്ങി ബി.ജെ.പി​ നേതൃത്വത്തിൽ വ്യാപക അട്ടിമറി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Congress Bihar post-election review meeting; heated debate over ‘selling of tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.