ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ ആം ആദ്മി പാര്‍ട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാള് സര്‍ക്കാറിനുകീഴിൽ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. വരുംദിവസങ്ങളിൽ ഇത് ഓരോന്നായി പുറത്തുവിടും. ഡല്‍ഹിയിലെ പല ആശുപത്രികളിലും മതിയായ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ആശുപത്രികള്‍ക്കായി ചെലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങി. അരവിന്ദ് കെജ്രിവാളിനെതിരെ 14 സി.എ.ജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന് പറഞ്ഞു.
ചില ക്രമക്കേടുകള്‍ക്ക് കെജ്രിവാളുമായി നേരിട്ട് ബന്ധമുണ്ട്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞാണ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ച് ഡല്‍ഹി ഭരണം പിടിച്ചെടുത്തത്. അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതാവട്ടെ, കോണ്‍ഗ്രസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടുകളും. എന്നാൽ, ഇന്ന് അതേ കെജ്രിവാളിനെതിരെ 14 സി.എ.ജി റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഇതിന് അദ്ദേഹത്തിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും അജയ് മാക്കന് ചോദിച്ചു. സി.എ.ജി റിപ്പോർട്ട് കെജ്രിവാൾ സർക്കാർ നിയമസഭയിൽ ചർച്ചചെയ്യാൻ മടിച്ചു. ഡല്‍ഹിയിലെ മൂന്ന് ആശുപത്രികളിലായി ടെന്‍ഡറിനേക്കാള്‍ 382.52 കോടി രൂപ അധികം ചെലവിട്ടെന്നതടക്കം റിപ്പോര്‍ട്ടുകളിൽ ഗുരുതര പരാമർശങ്ങളുണ്ട്. ആം ആദ്മി സര്‍ക്കാറിന്റെ 10 വര്‍ഷ ഭരണകാലത്ത് മൂന്ന് ആശുപത്രികള്‍ മാത്രമാണ് ഡൽഹിയിൽ നിർമാണം പൂർത്തിയാക്കിയത്. അതുതന്നെ കോൺഗ്രസ് കാലത്ത് നിർമാണമാരംഭിച്ചവയായിരുന്നുവെന്നും അജയ് മാക്കന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.