ചെന്നൈ: തമിഴ്നാട്ടിൽ അധികാരമേറിയ വിജയ് സർക്കാർ, മേയ് 13നകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ നിർദേശമനുസരിച്ച് ബുധനാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടും. അപ്രതീക്ഷിത അട്ടിമറികളൊന്നും അരങ്ങേറിയിട്ടില്ലെങ്കിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാർ വിശ്വാസ വോട്ട് നേടുമെന്നാണ് കരുതപ്പെടുന്നത്. അണ്ണാ ഡി.എം.കെ വിമതവിഭാഗവും സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ വെല്ലുവിളികളില്ലാതെ കടമ്പകടക്കുമെന്നാണ് പ്രതീക്ഷ.
ഭരണകക്ഷിയായ ടി.വി.കെക്ക് 107 എം.എൽ.എമാരാണുള്ളത്. ഇവരെ പിന്തുണക്കുന്ന കോൺഗ്രസ്, വി.സി.കെ, മുസ്ലിംലീഗ്, ഇടതുകക്ഷികൾ എന്നിവർക്കെല്ലാംകൂടി 13 പേരുടെ അംഗബലവുമുണ്ട്. കേവല ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടതെന്നിരിക്കെ, 120 പേരുടെ പിന്തുണയുണ്ട്. ഇതിനു പുറമെയാണ്, അണ്ണാ ഡി.എം.കെയിൽനിന്ന് പിളർന്ന 28 എം.എൽ.എമാരുടെ പിന്തുണ. 47 എം.എൽ.എമാരുള്ള എ.ഐ.എ.ഡി.എം.കെയിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കെതിരെ കലാപമുയർത്തി, സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് കളം മാറിയതായി പ്രഖ്യാപിച്ചത്. എടപ്പാടി വിഭാഗം സർക്കാറിനെതിരെ വോട്ടു ചെയ്യും. വിമത വിഭാഗത്തിൽ എസ്.പി. വേലുമണിയെ അണ്ണാ ഡി.എം.കെ നിയമസഭ കക്ഷി നേതാവായും സി. വിജയഭാസ്കറെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു. അതേസമയം, ഔദ്യോഗിക വിഭാഗം, എടപ്പാടി പളനിസാമിയെ നിയമസഭ കക്ഷി നേതാവായും അഗ്രി കൃഷ്ണമൂർത്തിയെ ചീഫ് വിപ്പായും തെരഞ്ഞെടുത്തതായി കാണിച്ച് ഔദ്യോഗിക വിഭാഗവും സ്പീക്കർക്ക് കത്ത് കൈമാറി. പുതുച്ചേരിയിൽ നടന്ന യോഗത്തിൽ 47 എം.എൽ.എമാർ ഒപ്പിട്ട കത്തും ഇവർ സ്പീക്കർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും കത്ത് നൽകിയ സാഹചര്യത്തിൽ സ്പീക്കർ ഉടനടി നടപടിയെടുക്കില്ലെന്നാണ് സൂചന. വിശ്വാസവോട്ടെടുപ്പിനാണ് പ്രാമുഖ്യം നൽകുകയെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഇരു കൂട്ടരുടെയും വിപ്പുകൾക്ക് സാധുതയില്ലാത്ത നിലയിൽ വോട്ട് മാറ്റി ചെയ്താലും കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ലെന്നാണ് സൂചന.
ഇതിനിടെ, ടി.വി.കെക്ക് പിന്തുണക്കാൻ തീരുമാനിച്ച വിമത വിഭാഗം നേതാവ് ഷൺമുഖത്തെ മുഖ്യമന്ത്രി വിജയ് എം.ആർ.സി നഗറിലെ ഷൺമുഖത്തിന്റെ ഓഫിസിലെത്തി സന്ദർശിച്ചു. ഇന്നലെ മുസ്ലിംലീഗ് ഓഫിസിലും കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിലും വി.സി.കെ ഓഫിസായ അംബേദ്കർ തിടലിലും വിജയ് സന്ദർശനം നടത്തി. അതേസമയം, ഡി.എം.കെ പിന്തുണയോടെ മുഖ്യമന്ത്രിയാവാൻ എടപ്പാടി പളനിസാമി ആഗ്രഹിച്ചിരുന്നതായും എന്നാൽ, അതിനെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും എതിർത്തതായും വിമത നേതാവ് സി.വി. ഷൺമുഖം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.