നിർബന്ധിത രക്തദാനവും ആശുപത്രി സേവനവും; ഇത് പഞ്ചാബ് മോഡൽ 'ശിക്ഷ'

ചണ്ഡീഗഢ്: വേഗപരിധി ലംഘിക്കുകയോ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുകയോ ചെയ്യുന്നവർക്ക് പഞ്ചാബിൽ ഇനി മുതൽ 'ശിക്ഷ'യായി ക്ലാസെടുക്കലും ആശുപത്രി സേവനവും നിർബന്ധിത രക്തദാനവും. ഇതിന് പുറമെ പിഴയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കലും ഉണ്ടാകും. ഞായറാഴ്ച സംസ്ഥാന പൊലീസ് പുറത്തിറക്കിയ പുതിയ ഗതാഗത നിയമത്തിലാണ് ഇക്കാര്യം പറയുന്നത്.

ഗതാഗത ലംഘനം ആവർത്തിച്ചാൽ പിഴയിൽ വർധനവുമുണ്ടാകും. വേഗപരിധി ലംഘിച്ചാൽ ആദ്യ തവണ 1,000 രൂപ പിഴയും മൂന്നു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യലുമായിരിക്കും ശിക്ഷ. മദ്യപിച്ച് വാഹനമോടിച്ചാൽ, അതേ കാലയളവിൽ ലൈസൻസ് സസ്പെൻഷന് പുറമെ 5,000 രൂപ പിഴയും ലഭിക്കും. ഇതേ കുറ്റങ്ങൾ ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഷന് പുറമെ പിഴ ഇരട്ടിയാകും. 

ഇതിന് പുറമെ അടുത്തുള്ള ആശുപത്രിയിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും സേവനം ചെയ്യുകയോ അടുത്തുള്ള രക്തബാങ്കിൽ ഒരു യൂനിറ്റ് രക്തമെങ്കിലും ദാനം ചെയ്യുകയോ വേണം. മാത്രമല്ല, ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഒരു റിഫ്രഷർ കോഴ്‌സ് ഏറ്റെടുക്കുകയും ഓരോ നിയമലംഘനത്തിനും അടുത്തുള്ള സ്‌കൂളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ 20 വിദ്യാർഥികളെയെങ്കിലും രണ്ട് മണിക്കൂറെങ്കിലും പഠിപ്പിക്കുകയും വേണം. തുടർന്ന് ഇവർക്ക് നോഡൽ ഓഫിസർ സർട്ടിഫിക്കറ്റ് നൽകും. പിഴ അടക്കുമ്പോൾ അധികാരികൾ ഇത് പരിശോധിക്കുകയും ചെയ്യും.

Tags:    
News Summary - Compulsory blood donation and hospital service; This is the Punjab model 'Punishment'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.