കോഴിക്കോട്: യാത്രക്കാരെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ കോഴിക്കോട് -ഡൽഹി എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ ഡ്യൂട്ടിയിലില്ലാത്ത പൈലറ്റിനെതിരെ പരാതി നൽകി. ഞായറാഴ്ചയാണ് സംഭവം. യാത്രക്കിടെ യാത്രക്കാരിലൊരാൾക്ക് ശാരീരിക അസ്വസ്ഥതകൾ നേരിടേണ്ടി വന്നപ്പോൾ ഇക്കണോമിക് ക്ലാസിലെ യാത്രക്കാർക്ക് ശുചിമുറിയിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥ വന്നു.
സഹയാത്രികൻ ബി.പിയും പൾസും കുറഞ്ഞ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാർ അദ്ദേഹത്തെ സീറ്റിൽ നിന്നെടുത്ത് സീറ്റിനിടയിലെ വഴിയിൽ കിടത്തി. ഇതോടെ ആളുകൾക്ക് ശുചിമുറിയിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നു. തുടർന്നാണ് ബിസിനസ് ക്ലാസിലെ ശുചിമുറി ഉപയോഗിക്കാൻ ജീവനക്കാർ അനുമതി നൽകിയതെന്ന് യാത്രക്കാരനായ പവൻ കുമാർ പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് ഇത് അനുവദിച്ചില്ല. അദ്ദേഹം 15 മിനിട്ടോളം ഇക്കാര്യം ചൂണ്ടിക്കാട്ടി ബഹളം വെക്കുകയും ചെയ്തുവെന്ന് യാത്രക്കാർ പറയുന്നു.
പൈലറ്റിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ എയർ ഇന്ത്യ തയാറായിട്ടില്ല. അതേസമയം, ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് ബിസിനസ് ക്ലാസിലെ ശുചി മുറി ഉപയോഗിക്കാൻ അനുവാദമില്ലെന്ന് എയർ ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജിതേന്ദർ ഭാർഗവ പറഞ്ഞു. ബിസിനസ് ക്ലാസുകാർ കൂടുതൽ പണം നൽകിയാണ് യാത്രചെയ്യുന്നത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.