ഭോപാൽ: ഹിന്ദുക്കൾ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ആത്മരക്ഷാർഥം വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന പ്രകോപന, വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടു.
‘അവൾ ഇപ്പോൾ ഒരു ബോംബ് കൈയിൽ പിടിച്ച് കത്തിയെക്കുറിച്ചാണ് സംസാരിക്കുന്നത്. മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയും പ്രജ്ഞയും ചെയ്തത് ഒന്നുതന്നെയാണ്’’ -മധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ കെ.കെ. മിശ്ര പറഞ്ഞു.
2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞ. അതേസമയം, പ്രസ്താവനയെ ന്യായീകരിച്ച സംസ്ഥാന ബി.ജെ.പി വക്താവ് പങ്കജ് ചതുർവേദി, ക്രൂരമായി കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പ്രജ്ഞ പോയിരുന്നുവെന്ന് അറിയിച്ചു. ‘‘രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ പെൺമക്കളും സഹോദരിമാരും മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടുകയും ‘ലവ് ജിഹാദിന്’ വേണ്ടി കഷണങ്ങളായി മുറിക്കപ്പെടുകയും ചെയ്യുന്നു.
പ്രജ്ഞയുടെ പ്രസ്താവന ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് എല്ലാ സഹോദരിമാരുടെയും മാനസിക ശക്തിയുമായി ബന്ധപ്പെട്ടതാണ്’’ -അദ്ദേഹം പറഞ്ഞു. അതിനിടെ പ്രജ്ഞക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കർണാടക പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.