ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ ഡി.എൻ. ജീവരാജിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ചിക്കമകളൂരു ജില്ലയിലെ കൊപ്പയിൽ ബി.ജെ.പി- യുവമോർച്ച സംഘടിപ്പിച്ച മംഗളൂരു ചലോ റാലിക്കിടെ ജീവരാജ് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഗൗരി ലേങ്കഷ് പത്രികയിൽ ദക്ഷിണ കന്നടയിലെ സംഘർഷവുമായി ബന്ധപ്പെട്ട ലേഖനത്തിന് ‘ആർ.എസ്.എസിെൻറ കൂട്ടക്കൊലകൾ’ എന്ന തലക്കെട്ട് നൽകിയില്ലായിരുന്നെങ്കിൽ ഗൗരി ഇന്ന് ജീവിച്ചിരുന്നേനെ എന്നായിരുന്നു പ്രസ്താവന. കോൺഗ്രസ് ഭരണകാലത്ത് കൊല്ലപ്പെട്ട 11 ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരോട് ഇതേ ഗൗരിക്ക് സഹതാപമില്ലേ എന്നും അങ്ങനെയുണ്ടായിരുന്നെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നോ എന്നും എം.എൽ.എ ചോദിച്ചു. ശൃംഗേരി എം.എൽ.എയും മുൻമന്ത്രിയുമായ ജീവരാജിനെ ചോദ്യംചെയ്യാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
പ്രസംഗത്തിെൻറ വിഡിയോ പരിശോധിച്ച് എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയ്ത്ത സംഘ പ്രസിഡൻറ് നവീൻ കൊപ്പ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതി ഗൗരി കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നും കൊപ്പ എസ്.െഎ ഡി.എൻ. കുമാർ പറഞ്ഞു.
എന്നാൽ, താൻ റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ ദുസ്സൂചനയൊന്നുമില്ലെന്ന് ജീവരാജ് എം.എൽ.എ പറഞ്ഞു. റാലിയിൽ പെങ്കടുക്കാൻ ധിറുതിപിടിച്ച് എത്തിയപ്പോഴുണ്ടായ വെപ്രാളത്തിൽ വാക്കുകൾ മാറിപ്പോയതാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഗൗരി കൊല്ലപ്പെടില്ലായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജീവരാജിെൻറ പ്രസ്താവന ചൂണ്ടിക്കാട്ടി കൊലപാതകത്തിനു പിന്നിൽ സംഘ്പരിവാർ ആണെന്ന സൂചനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.