ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ കടിച്ച് കീറിയെന്ന് ആരോപിച്ച് നായ്ക്കെതിരെ പൊലീസിൽ പരാതി. തെലുങ്കുദേശം പാർട്ടിയിലെ പ്രവർത്തകയായ ദസരി ഉദയശ്രീയാണ് നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ ഫോട്ടോ പതിച്ച സ്റ്റിക്കർ നായ വലിച്ചുകീറുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

ചുമരിലൊട്ടിച്ചിരുന്ന ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ നായ കടിച്ചു കീറുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉദയശ്രീ പരാതിയിൽ പറയുന്നു. ആന്ധ്ര പ്രദേശിൽ നായ പോലും ജഗൻമോഹൻ റെഡ്ഢിയെ അപമാനിക്കുകയാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവർക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് വിജയവാഡ പൊലീസ് പറയുന്നു. മുഖ്യമന്ത്രിയേയും ഭരണകക്ഷിയേയും പരിഹസിക്കാൻ വേണ്ടിയാണ് എതിർചേരിയിലുള്ള തെലുങ്കുദേശം പാർട്ടി നേതാവ് ഇത്തരമൊരു പരാതി നൽകിയതെന്നാണ് പൊലീസ് കരുതുന്നത്.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ‘ജഗനണ്ണ മാ ഭവിഷ്യതു’ (ജഗൻ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യമുള്ള സ്റ്റിക്കർ വീടിന്റെ ചുമരിൽ ഒട്ടിച്ചത്.

Tags:    
News Summary - Complaint Against Dog for Removing Andhra CM Jagan Mohan Reddy Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.