അഹ്മദാബാദ്: 241 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ ബോയിങ് 787 വിമാനം അപകടത്തിൽ പെടാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം തുടരുന്നു. വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിമാനത്തിലെ യാത്രക്കാരടക്കം 270 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിൽ കോക്പിറ്റ് വോയ്സ് റെക്കോർഡർ നിർണായകമാകും.
വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ(എഫ്.ഡി.ആർ) മാത്രമേ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്നായിരുന്നു നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. അപകടം നടന്ന് മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെത്താനായത്.
വിമാന ദുരന്തം അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുന്നത്. നിലവിലെ അന്വേഷണം സമിതി വിലയിരുത്തും. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര കഴിഞ്ഞ ദിവസം ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. രണ്ട് ബ്ലാക് ബോക്സുകൾ കണ്ടെടുത്ത കാര്യം അന്വേഷണ ഉദ്യോഗസ്ഥർ മിശ്രയോട് വിശദീകരിക്കുകയും ചെയ്തിരുന്നു.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണമറിയാൻ അന്വേഷകർക്ക് എളുപ്പമാകും. വിമാനം അമേരിക്കൻ നിർമിതമായതിനാൽ എ.എ.ഐ.ബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ജൂൺ രണ്ടിനാണ് അഹ്മദാബാദിലെ സർദാർ വല്ലഭായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്രൂവടക്കം 242 യാത്രക്കാരുമായി പറന്നുയർന്ന് സെക്കന്റുകൾക്കകടം എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മേഘാനി നഗർ പ്രദേശത്തെ മെഡിക്കൽ കോളജിന് സമീപമുള്ള കാമ്പസിൽ ഇടിച്ചു കയറി തീപ്പിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. അപകടത്തിൽ മെഡിക്കൽ വിദ്യാർഥികളുൾപ്പെടെ 29 പേരുടെയും ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.