ഗുരുതര വീഴ്ച; സൈനിക കേന്ദ്രത്തിൽ മോഷണം, നാല് എകെ 47 ഉൾപ്പെടെ ആയുധങ്ങൾ നഷ്ടപ്പെട്ടു

സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദ് കന്റോൺമെന്റിൽ നിന്ന് സായുധസേനയുടെ ആയുധങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. മദ്രാസ് റെജിമെന്റ് പരിസരത്തെ ഒരു മുറിയിൽ നിന്നാണ് ആയുധങ്ങൾ മോഷണം പോയത്. പൂട്ടു തകർത്ത് വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് അത്യാധുനിക ആയുധങ്ങൾ മോഷണം പോയത്. നാല് എ.കെ-47 റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഗുരുതര വീഴ്ചയുണ്ടായത്.

മദ്രാസ് റെജിമെന്റ് പരിസരത്തെ ഒരു മുറിയിൽ നിന്ന് ആയുധങ്ങൾ മോഷണം പോയതെന്നാണ് വിവരം. അതീവ നിയന്ത്രിത മേഖലയായതിനാൽ സംഭവത്തിൽ കന്റോൺമെന്റിനകത്തുള്ളവരുടെ പങ്ക് സൈന്യവും പൊലീസും പരിശോധിക്കുന്നുണ്ട്. സൈനികർക്കും പരിമിത എണ്ണത്തിലുള്ള ജീവനക്കാർക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

നിരവധി തോക്കുകൾ നഷ്ടപ്പെട്ടതായി സൈനികർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് പ്രദേശം അടച്ചുപൂട്ടി സൈന്യവും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. കനത്ത സുരക്ഷയുള്ള കന്റോൺമെന്റ് പരിസരത്തുനിന്ന് ആയുധങ്ങൾ എങ്ങനെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തേക്ക് കൊണ്ടുപോയെന്നതാണ് പ്രധാന സംശയം. സംഭവത്തിൽ സൈനിക ബൊള്ളാരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

അതേ സമയം കന്റോൺമെന്റ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, പ്രവേശന രേഖകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സൈന്യത്തിന്റെയും പൊലീസിന്റെയും സംഘങ്ങൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് പ്രവേശിച്ച സുരക്ഷാ ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നുണ്ട്.

കന്റോൺമെന്റിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അറിവുള്ള ആരെങ്കിലും മോഷണത്തിന് സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധനയിലാണ്. പരിമിത എണ്ണത്തിൽ സുരക്ഷാ ജീവനക്കാർ മാത്രമുണ്ടായിരുന്ന സമയത്താകാം മോഷണം നടന്നതെന്നാണ് സൂചന.

Tags:    
News Summary - Theft at military base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.