മല്ലികാർജുൻ ഖാർഗെ

'ജിഡിപി വളർച്ചയിൽ ആഘോഷം, ജനങ്ങൾ ദുരിതത്തിൽ'; കേന്ദ്ര സർക്കാരിനെതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: സാമ്പത്തിക വളർച്ചാ നിരക്കുകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 7.8 ശതമാനം ജിഡിപി വളർച്ച സർക്കാർ ആഘോഷമാക്കുമ്പോഴും, സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റെക്കോർഡ് തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം എന്നിവ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സർക്കാർ പ്രചാരണവും ജനങ്ങളുടെ യാഥാർഥ്യ ജീവിതവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ഖാർഗെയുടെ വിമർശനം. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയാണ് സാധാരണക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ 50 വർഷത്തെ ഉയർന്ന നിലയിലാണെന്നും യുവ ബിരുദധാരികളിൽ 40 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചിട്ടില്ലെന്നും ഖാർഗെ അവകാശപ്പെട്ടു. 2026 ജൂലൈയിലെ കണക്കനുസരിച്ച് 15 മുതൽ 29 വരെ പ്രായമുള്ള ആറ് യുവാക്കളിൽ ഒരാൾ തൊഴിലില്ലാത്തവരായിരുന്നുവെന്നും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചസാര, ഉള്ളി, തക്കാളി, പയർവർഗങ്ങൾ, പാചക എണ്ണ, അരി, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയാണെന്നും പെട്രോൾ, ഡീസൽ, എൽ.പി.ജി., സി.എൻ.ജി. എന്നിവ സാധാരണക്കാർക്ക് കൂടുതൽ ചെലവേറിയതായെന്നും ഖാർഗെ പറഞ്ഞു.

സാമ്പത്തിക അസമത്വവും രൂക്ഷമാണെന്നും ആരോപിച്ച അദ്ദേഹം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയിലെ ഒരു ശതമാനം വരുന്ന വിഭാഗത്തിന്റെ കൈവശമാണെന്നും താഴത്തെ 50 ശതമാനം പേർക്ക് 15 ശതമാനം സമ്പത്ത് മാത്രമാണുള്ളതെന്നും അവകാശപ്പെട്ടു. 2014ന് ശേഷം കോർപ്പറേറ്റ് വായ്പകളിൽ 16 ലക്ഷം കോടി രൂപയിലധികം എഴുതിത്തള്ളിയതായും അദ്ദേഹം ആരോപിച്ചു. 22,006 കോടി രൂപയുടെ ക്ലെയിമുകൾക്കെതിരെ 6.5 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചതെന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശയാത്രയും സ്വർണം വാങ്ങുന്നതും ഒഴിവാക്കണമെന്ന മോദിയുടെ ആഹ്വാനത്തെയും ഖാർഗെ വിമർശിച്ചു.

അതേസമയം, 7.8 ശതമാനം ജിഡിപി വളർച്ചയെ അഭിനന്ദിച്ചു മോദി ആഗോള യുദ്ധങ്ങളും പ്രതിസന്ധികളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിന്നിട്ടും ഇന്ത്യ ശക്തമായ വളർച്ച കൈവരിച്ചതിന്റെ തെളിവാണിതെന്ന് പറഞ്ഞു. ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ ആശയം ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ പാദത്തിലെ യഥാർഥ ജി.ഡി.പി 7.8 ശതമാനം വളർന്നു. മുൻവർഷത്തെ സമാന പാദത്തിലെ 75.46 ലക്ഷം കോടി രൂപയിൽ നിന്ന് ഇത് 81.36 ലക്ഷം കോടി രൂപയായി ഉയർന്നു. റിസർവ് ബാങ്കിന്റെ നേരത്തെയുള്ള ഏഴ് ശതമാനം വളർച്ചാ പ്രവചനത്തേക്കാൾ ഉയർന്നതാണ് പുതിയ കണക്ക്. 2026-27ലെ മൊത്തം ജി.ഡി.പി വളർച്ചാ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി റിസർവ് ബാങ്ക് പരിഷ്കരിച്ചിട്ടുണ്ട്.

Tags:    
News Summary - Kharge Slams GDP Growth Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.