നീതി ലഭിക്കാതെ പിന്മാറില്ല, ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരത്തിന് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ ജൂൺ 20 മുതൽ ഡൽഹിയിലെ ജന്തർമന്തറിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

ഡൽഹിയിലെ അനിശ്ചിതകാല സമരത്തിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. നാളെ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ ഹബ്ബായ പൂനെയിലാണ് ആദ്യ പ്രതിഷേധം. തുടർന്ന് ലഖ്‌നൗ, അമൃത്സർ, ബംഗളൂരു, ജയ്പൂർ, ഹൈദരാബാദ് നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. പൂനെയിലെ പ്രതിഷേധത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പങ്കെടുക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരും. വിവിധ മത്സരപരീക്ഷകളിലെയും നിയമന പരീക്ഷകളിലെയും ക്രമക്കേടുകൾ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ഭാവിയാണ് അപകടത്തിലാക്കിയിരിക്കുന്നതെന്ന് സി.ജെ.പി കുറ്റപ്പെടുത്തി.

‘തുടർച്ചയായുണ്ടാകുന്ന ഈ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തയാറായിട്ടില്ല. ജനാധിപത്യത്തിൽ ഉത്തരവാദിത്തം തുടങ്ങേണ്ടത് തലപ്പത്തുനിന്നാണ്. അതുകൊണ്ട് അദ്ദേഹം അടിയന്തരമായി രാജിവെക്കണം. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ജൂൺ 20ന് രാജ്യത്തെ യുവാക്കൾ ജന്തർമന്തറിലേക്ക് ഇരച്ചെത്തും. നീതി ലഭിക്കാതെ ഞങ്ങൾ അവിടെനിന്ന് മാറില്ല. -അഭിജീത് ദിപ്കെ പ്രസ്താവിച്ചു.

ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി യുവാക്കൾ ഒത്തുകൂടിയിരുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.

ജ​ന്ത​ർ മ​ന്ത​റി​ലെ വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഒ​രു ‘ട്രെ​യി​ല​ർ’ മാ​ത്ര​മാ​ണെ​ന്നും ഏ​ഴു ദി​വ​സ​ത്തി​ന​കം മ​ന്ത്രി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​രു​വു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.