ഐഷി ഘോഷ്
ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാൽ രാജ്യവ്യാപകമായി ഇതുവരെ കാണാത്ത രീതിയിലുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെ കൈവരിച്ച ധാരണകൾ ലംഘിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്ക ആരോപിച്ചു. സമരം താത്കാലികമായി നിർത്തിവെച്ചെങ്കിലും തങ്ങളുടെ പ്രവർത്തകർക്കും പ്രതിഷേധക്കാർക്കും നേരെ ഇപ്പോഴും പൊലീസ് നടപടികൾ തുടരുകയാണെന്ന് പാർട്ടി പ്രസ്താവിച്ചു.
ഡൽഹി ജന്തർ മന്ദിറിൽ 36 ദിവസമായി തുടർന്നുവന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസും എഫ്.ഐ.ആറുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്. എന്നാൽ ഈ വാഗ്ദാനം പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് അശുതോഷ് റാങ്ക വ്യക്തമാക്കി.
രേഖാമൂലമുള്ള ധാരണാപത്രം ചൊവ്വാഴ്ചക്കകം ലഭിക്കുകയും അറസ്റ്റിലായ പ്രതിഷേധക്കാരെ ഉടനടി മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ പരിഷ്കാരങ്ങളും അടക്കമുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് പ്രക്ഷോഭകർ പ്രതിഷേധം താത്കാലികമായി നിർത്തിവെച്ചിരുന്നത്. കേസ് നടപടികൾ അവസാനിപ്പിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ വഴിതടയൽ സമരത്തിലേക്ക് നീങ്ങുമെന്ന് പാർട്ടി അറിയിച്ചു.
വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് നടപടികളെ ചെറുക്കുന്നതിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ 1 കോടി രൂപയുടെ നിയമസഹായ നിധി പ്രഖ്യാപിച്ചു. സന്നദ്ധരായ അഭിഭാഷകരെ ഏകോപിപ്പിച്ച് പ്രതിഷേധക്കാർക്ക് സൗജന്യ നിയമസഹായം നൽകാനുള്ള സംവിധാനം സി.ജെ.പി രൂപീകരിക്കും. കൂടാതെ, പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും തെളിവുകളായി ശേഖരിക്കുന്നതിനായി "സാക്ഷി" എന്ന പേരിൽ പ്രത്യേക ഓൺലൈൻ പോർട്ടലും സി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.