‘മോദി സർക്കാറിനെതിരെ കർഷകരും വിദ്യാർഥികളും യുവാക്കളും ഒന്നിക്കണം’; രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി നേതാക്കൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കൾ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്തുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ കർഷകരും വിദ്യാർഥികളും യുവജനങ്ങളും ഒന്നിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സി.ജെ.പി നേതാവായ അശുതോഷ് റാങ്കയും മറ്റ് അംഗങ്ങളും ബി.കെ.യു നേതാക്കളും പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവയെ ഒറ്റ വേദിയിൽ ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

നരേന്ദ്ര മോദി സർക്കാരിനെതിരെ വിശാലമായ ഒരു സഖ്യം കെട്ടിപ്പടുക്കാൻ സംഘടന ആഗ്രഹിക്കുന്നുവെന്ന് യോഗത്തിന് ശേഷം അശുതോഷ് റാങ്ക പറഞ്ഞു. കർഷകരും വിദ്യാർഥികളും യുവാക്കളും മോദി സർക്കാരിനെ എല്ലാ വശങ്ങളിൽ നിന്നും വളയാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും റാങ്ക പറഞ്ഞു. വിവിധ വിദ്യാർഥി സംഘടനകളെയും കർഷക സംഘടനകളെയും യുവജന കൂട്ടായ്മകളെയും ഉൾപ്പെടുത്തി മോദി സർക്കാറിനെതിരെ വിശാലമായ മുന്നണി രൂപീകരിക്കാനുള്ള ആലോചനയാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രിയെ മാറ്റുകയും പരീക്ഷാ പരിഷ്കാരങ്ങൾക്കായി നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും, വിദ്യാർഥികൾക്കെതിരായ കേസുകൾ പൂർണമായി പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. ബിഹാറിലും പശ്ചിമ ബംഗാളിലും പ്രതിഷേധക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യുന്നുണ്ടെന്നും നിരവധി സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ നടപടി തുടരുകയാണെന്നും സി.ജെ.പി പറഞ്ഞു. ഈ സാഹചര്യത്തിൽ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകിയിട്ടുണ്ട്.

2020–21ലെ കർഷക സമരത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് രാകേഷ് ടിക്കായത്ത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് രാകേഷ് ടിക്കായത്ത് പിന്തുണ നൽകിയിരുന്നു. നിരവധി തവണ ജന്തർ മന്തർ സന്ദർശിക്കുകയും പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയും ചെയ്തു.

Tags:    
News Summary - രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.