ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട യു.എൻ രക്ഷാ സമിതിയിലെ തുറന്ന ചർച്ചയിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ്. പശ്ചിമേഷ്യയെ ഇന്ത്യക്ക് അങ്ങേയറ്റം പ്രാധാന്യമുള്ള മേഖലയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം മേഖലയിൽ ചെറിയ ഇടവേളക്ക് ശേഷം ആക്രമണങ്ങൾ പുനരാരംഭിച്ചത് ആശങ്കാജനകമാണെന്നും സംഘർഷങ്ങൾ ഉടൻ കുറക്കണമെന്നും പറഞ്ഞു. ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.
പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തിന്റെ വ്യാപാരവും ഊർജസുരക്ഷയും പ്രവാസി സമൂഹവും ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തമാണ്. ഈ മേഖലയുമായി ഇന്ത്യക്ക് പ്രതിവർഷം ഏകദേശം 180 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമുണ്ട്. 31 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപവും 52 ബില്യൺ ഡോളറിലധികം പ്രവാസി പണവും ജി.സി.സി രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നു. ഏകദേശം ഒരു കോടി ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. അവരുടെ സുരക്ഷയും ക്ഷേമവും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ മാസം ആദ്യം ഹുർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരത്തിനിടെ ജി.എഫ്.എസ് ഗാലക്സി, എം.ടി അൽ ബഹിയ, എം.ടി മൊംബാസ എന്നിവയുൾപ്പെടെയുള്ള കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ഇന്ത്യയെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ ചിലർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ കാണാതായിട്ടുമുണ്ട്. സമുദ്ര യാത്രക്കാരെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങളെയും ഹുർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ തടസ്സപ്പെടുത്തുന്നതിനെയും ഇന്ത്യ നിരന്തരം അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ഏക മാർഗം നയതന്ത്രപരമായ ഇടപെടലുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘മേഖലയിലെ വാണിജ്യക്കപ്പലുകൾക്കും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മേഖലയിലെ അന്താരാഷ്ട്ര സമുദ്രമാർഗങ്ങളിലൂടെയുള്ള കപ്പൽഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണം’ -അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം. വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് ജൂലൈ 11ന് ഹുർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സംഘർഷത്തിന് മുമ്പ് പ്രതിദിനം നൂറിലധികം കപ്പലുകൾ കടന്നുപോയിരുന്ന ഹുർമുസ് കടലിടുക്കിലൂടെ, ജൂലൈ 7 മുതൽ അത് 49 ആയെങ്കിലും ജൂലൈ മധ്യത്തോടെ എട്ടിനും പതിനഞ്ചിനും ഇടയിലായി കുത്തനെ കുറഞ്ഞതായും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക-സാമൂഹിക കമ്മീഷൻ (ഇ.എസ്.സി.എ.പി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.