ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നടന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്.
മോദിയെയും മറ്റ് മുതിർന്ന നേതാക്കളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന് ആരോപിച്ച് വാർത്താ പോർട്ടലുകളുടേതുൾപ്പെടെ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾക്കാണ് ഡൽഹി പൊലീസ് നോട്ടീസ് അയച്ചത്. നിയമവിരുദ്ധവും അധിക്ഷേപകരവുമായ ഉള്ളടക്കം നീക്കം ചെയ്യാനും വിശദീകരണം നൽകാനും ആവശ്യപ്പെട്ടാണ് നോട്ടീസ്. എത്ര അക്കൗണ്ടുകൾക്കാണ് നോട്ടീസ് നൽകിയതെന്ന കാര്യം വ്യക്തമല്ല.
പ്രതിഷേധവുമായി ബന്ധപ്പെട്ട് എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച പോസ്റ്റുകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ പരിശോധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് നേതാക്കളെയും അപകീർത്തികരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ച ചില അക്കൗണ്ടുകളെ തിരിച്ചറിഞ്ഞെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. നോട്ടീസ് ലഭിച്ച അക്കൗണ്ട് ഉടമകളോട് ബന്ധപ്പെട്ട പോസ്റ്റുകൾ സ്വമേധയാ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വിവാദ പോസ്റ്റുകളിൽ പലതും നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും എഡിറ്റ് ചെയ്ത വീഡിയോകളും അധിക്ഷേപപരമായ ഉള്ളടക്കവും വ്യാപകമായി പ്രചരിച്ചെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഡിജിറ്റൽ നിരീക്ഷണം ശക്തമാക്കിയതെന്നും പൊലീസ് പറയുന്നു. ഇത്തരം പോസ്റ്റുകൾ നിയമ സമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വാദം.
അതേസമയം, രാജ്യത്തെ പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ സി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ നടപടികളുണ്ടായാൽ വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് സർക്കാർ നൽകിയ ഉത്തരവിലാണ് സമരം അവസാനിപ്പിച്ചതെന്നും ഇപ്പോൾ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ വീണ്ടും ആരംഭിക്കുമെന്നും സി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.