പൂണെ സർവകലാശാല കാമ്പസിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ദേശവ്യാപക സമരത്തിന് പുണെയിൽ തുടക്കം കുറിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സാവിത്രി ഫുലെ പുണെ സർവകലാശാല കാമ്പസിൽ നടന്ന സമരത്തിൽ സോനം വാങ്ചുക് ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
20ന് ഡൽഹി ജന്തർ മന്തറിൽ ആരഭിക്കുന്ന കുത്തിയിരിപ്പ് സമരത്തിൽ യുവാക്കളെ ക്ഷണിച്ചും ധർമേന്ദ്ര പ്രധാന്റെ രാജിക്ക് സമ്മർദമേറ്റിയും വരും ദിവസങ്ങളിൽ ലഖ്നോ (വെള്ളി), അമൃത്സർ (ശനി), ഹൈദരാബാദ് (ഞായർ), ജയ്പൂർ (തിങ്കൾ) എന്നിവിടങ്ങളിലും സമരം പ്രഖ്യാപിച്ചു. കേന്ദ്രവുമായി നേരിട്ട് ചർച്ചക്ക് തയാറാണെന്നും മന്ത്രി രാജിവെച്ചില്ലെങ്കിൽ പിന്നോട്ടില്ലെന്നും അഭിജീത് ദിപ്കെ പറഞ്ഞു. ചോദ്യപേപ്പർ ചോർ തടയുന്ന, സമയബന്ധിതമായി പരീക്ഷാഫലം പുറത്തുവിടുന്ന, പ്രവേശന പരീക്ഷയിലും നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തുന്ന, പരീക്ഷാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വിദ്യാഭ്യാസ പത്രിക ഇറക്കുമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി.
സാവിത്രി ഫുലെ പുണെ സർവകലാശാല കാമ്പസിലെ ഡോ. ബി. ആർ. അംബേദ്കർ പ്രതിമയുടെ പരിസരത്താണ് ആയിരങ്ങൾ അണിനിരന്ന സമരം നടന്നത്. പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചും വിഡിയോയിൽ പകർത്തിയും പൊലീസ് സമരക്കാരെ നിരീക്ഷിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും ഹസ്തദാനം ചെയ്യുന്ന ചിത്രം ഉദ്ധവ് താക്കറെ പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത് എക്സിൽ പങ്കുവെച്ചത് ചർച്ചയായി. ‘അമേരിക്കയിൽ അദ്ദേഹം ആരെ കണ്ടു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന വേളയിൽ നടന്നതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.