ന്യൂഡൽഹി: ആക്ഷേപ ഹാസ്യ ഓൺലൈൻ രാഷ്ട്രീയ കൂട്ടായ്മയായ കോക്ക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോൾ തനിക്കത് ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ലെന്നും ദിപ്കെ അറിയിച്ചു. സി.ജെ.പിയുടെ ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച എക്സിലെ ഒരു പോസ്റ്റിൽ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് "ഹാക്ക് ചെയ്യപ്പെട്ടു" എന്ന് ദിപ്കെ എഴുതി. '@മെറ്റ, എനിക്ക് എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നു, പക്ഷേ കഴിയുന്നില്ല' എന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ എഴുതി. മെറ്റ ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല.
മേയ് 15-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാ യുവാക്കളെ 'പരാദജീവികൾ', 'പാറ്റകൾ' എന്നീ പദങ്ങൾ ഉപയോഗിച്ച് വിമർശിച്ചതിന് പിന്നാലെ എക്സിൽ രൂപീകരിച്ച സി.ജെ.പി പെട്ടെന്ന് വൈറലായിരുന്നു. രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ, വിവിധ പ്രായത്തിലുള്ള നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവരുടെ പിന്തുണ നേടുകയും ചെയ്തു. നാല് ദിവസം കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം 90 ലക്ഷം കവിഞ്ഞതോടെ എക്സിലെ അക്കൗണ്ട് പൂട്ടി. ഫോളോവേഴ്സിന്റെ എണ്ണം ബി.ജെ.പി അക്കൗണ്ടിനെ മറികടന്നതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് പിന്നാലെ സി.ജെ.പി ഇൻസ്റ്റഗ്രാമിൽ തിരിച്ചുവന്നു.
തന്റെ പരാമർശം തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജമായ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്ന ആളുകളെ ലക്ഷ്യം വച്ചായിരുന്നു തന്റെ പരാമർശമെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു. പക്ഷേ പാറ്റയെ പ്രതീകമായി സ്വീകരിച്ച സി.ജെ.പി സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്.
അതേസമയം കർണാടക ഘടകത്തിന്റെ പേരിൽ ബംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം. ഇത് തന്റെ അറിവോടെയല്ല എന്ന് ദിപ്കെ വ്യക്തമാക്കി. 'പാറ്റ'കളുടെ ശക്തി ഓൺലൈനിൽ മാത്രമല്ല, തെരുവുകളിലുമുണ്ടെന്ന് പോസ്റ്ററിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ അനുവാദമില്ലാതെ ഒത്തുകൂടുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിച്ച് പൂനെ സ്വദേശിയായ അഭിജീത് ദിപ്കെ എന്ന യുവാവാണ് എക്സിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേജ് ആരംഭിച്ചത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളാൻ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഡിജിറ്റൽ വിപ്ലവമായി മാറുകയായിരുന്നു. സി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിന് 21 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.