ചീഫ് ജസ്റ്റിസ് ഇൻഡ്യ സഖ്യ നേതാക്കളെ കാണില്ല, കൂടികാഴ്ചക്ക് അനുമതി നിഷേധിച്ചു; സുപ്രീംകോടതി മാർച്ച് ഇന്ന്
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്‍റെ നേതാക്കൾക്ക് കൂടികാഴ്ചക്കുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും എസ്.ഐ.ആർ സംബന്ധിച്ച ആശങ്കകളും അറിയിക്കാനായിരുന്നു കൂടിക്കാഴ്ചക്ക് അനുമതി തേടിയത്.
തിങ്കളാഴ്ച വൈകീട്ട് കൂടിക്കാഴ്ചക്ക് അനുമതി തേടിയാണ് കത്ത് നൽകിയത്. നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കുന്നത് അനുചിതമെന്ന് വ്യക്തമാക്കിയാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിശദമായ മറുപടി അയച്ചതായാണ് വിവരം. നിവേദനം സമർപ്പിക്കുന്നതിന് പകരം, വിഷയത്തിൽ ഔദ്യോഗികമായി ഹരജി ഫയൽ ചെയ്ത് കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് മറുപടിയിൽ പറയുന്നത്. വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണനയിലായതിനാൽ, ഭരണപരമായ ഇടപെടലിലൂടെ പരിഹരിക്കുന്നതിന് പകരം നിയമപരമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോകണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാടെന്നാണ് സൂചന.
തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം മാർച്ചിന് ആഹ്വാനം ചെയ്തിരിക്കെയാണ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത്. മാർച്ചിൽ പങ്കെടുക്കാൻ യുവാക്കളോടും പ്രതിപക്ഷ പാർട്ടികളോടും പൗര സംഘടനകളോടും രാഹുൽ ഗാന്ധി എക്‌സിലെ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ പേരിൽ ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നും അതിലൂടെ ചില ആവശ്യങ്ങൾ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്. അതേസമയം, കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതി മാർച്ചുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യ നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇൻജ്യ സഖ്യത്തിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു. സ്നേഹത്തോടും സാഹോദര്യത്തോടും രാജ്യസ്നേഹത്തോടും കൂടി ഇന്ത്യ മുഴുവൻ ഒരുമിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യുമെന്നാണ് ഞായറാഴ്ച പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞിരുന്നത്.
‘ശനിയാഴ്ച രാജ്യത്തെ യുവജനം സമാധാനപരമായി പ്രതിഷേധിക്കാൻ ഡൽഹിയിലെത്തി. വെറുപ്പോ ദേഷ്യമോ ഇല്ലാതെ, സ്നേഹം നിറഞ്ഞ മനസ്സോടെയാണ് അവർ എത്തിയത്. എന്നാൽ പൊലീസും ബി.ജെ.പി ഗുണ്ടകളും ചേർന്ന് അവരെ മർദിച്ചു. നാം ആഗ്രഹിക്കുന്ന ഇന്ത്യ ഇങ്ങനെയല്ല. പാർട്ടി, ലിംഗം, ജാതി, സമൂഹം, സംസ്ഥാനം എല്ലാറ്റിനും അതീതമായി ഒന്നിച്ചുകൂടിയ ഇന്ത്യക്കാരായി നമ്മൾ തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യും. യുവജനങ്ങളും എല്ലാ പ്രതിപക്ഷ പാർട്ടികളും പൗരസമൂഹ കൂട്ടായ്മകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും ഇന്ത്യൻ ഭരണഘടനക്കൊപ്പം നിൽക്കുന്നവരും നമ്മോടൊപ്പം അണിനിരക്കും. വോട്ടുകൊള്ള അവസാനിപ്പിക്കുക, എസ്.ഐ.ആർ നിർത്തിവെക്കുക, ഗ്യാനേഷ് കുമാറിന്റെ രാജി എന്നീ കാര്യങ്ങൾ ഉന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കും.
നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് സംഘത്തിന് ഇന്ത്യയുടെ ശബ്ദം നിശ്ശബ്ദമാക്കാൻ കഴിയില്ല. ഈ ഭീരുക്കൾക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. അവർ വഴിമാറിയേ തീരൂ. പേടിക്കരുത് നാളെ, ഇന്ത്യ മുഴുവൻ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യും’ എന്നാണ് വിഡിയോ സന്ദേശത്തിലുള്ളത്.രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി തിങ്കളാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.