സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറക്കാൻ ഡൽഹി
ന്യൂഡൽഹി: റൈഡ്-ഹെയ്‌ലിങ് വഴി പിങ്ക് ഇലക്ട്രിക് ഓട്ടോ ബുക്ക് ചെയ്യാനുള്ള സൗകര്യം ഡൽഹി നിവാസികൾക്ക് ഉടൻ ലഭ്യമാകും. പ്രവേശന ഫീസോ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകളോ ഇല്ലാതെ വനിതാ, ട്രാൻസ്‌ജെൻഡർ ഡ്രൈവർമാരെ ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. 'ദുർഗ്ഗ ഇ-ഓട്ടോ പദ്ധതി'പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവർമാർക്ക് ഈ നിരക്കുകൾ ഒഴിവാക്കി നൽകാൻ ആപ്പ് അധിഷ്ഠിത ടാക്സി കമ്പനികളോട് ആവശ്യപ്പെടുമെന്ന് ഡൽഹി സർക്കാർ ഞായറാഴ്ച അറിയിച്ചു.
1,300 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ഈ പദ്ധതിയിലൂടെ നിരത്തിലിറക്കുന്നത്. കമ്പനികൾ ഈ വാഹനങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുത്താൻ തയാറായാൽ, യാത്രക്കാർക്ക് ഫോൺ വഴി തന്നെ ഓട്ടോ ബുക്ക് ചെയ്യാൻ സാധിക്കും.
സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്ര?
അതിരാവിലെയും രാത്രി വൈകിയും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ കൂടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 23ന് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി കാബിനറ്റാണ് ദുർഗ്ഗ പദ്ധതിക്ക് അംഗീകാരം നൽകിയത്. ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്ത 1,300 വാഹനങ്ങളിൽ 1,170 എണ്ണം സ്ത്രീകൾക്കും 130 എണ്ണം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സംവരണം ചെയ്യും. ഡൽഹിയിലെ 13 റവന്യൂ ജില്ലകളിലായി ഈ വാഹനങ്ങൾ വീതിച്ചുനൽകും. ഓരോ ജില്ലയിലും പരമാവധി 90 ഓട്ടോകൾ സ്ത്രീകൾക്കും 10 എണ്ണം ട്രാൻസ്‌ജെൻഡർ അപേക്ഷകർക്കുമായി മാറ്റിവെക്കും.
നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ വികസിപ്പിച്ച പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. ജില്ലാ മജിസ്ട്രേറ്റ് തലവനായ ജില്ലാതല സമിതികൾ എല്ലാ ആഴ്ചയും അപേക്ഷകൾ പരിശോധിച്ച് വെരിഫിക്കേഷൻ നടത്തും. ഒരു ജില്ലയിൽ ലഭ്യമായ ഒഴിവുകളേക്കാൾ കൂടുതൽ യോഗ്യരായ അപേക്ഷകരുണ്ടെങ്കിൽ, ഓൺലൈൻ ലോട്ടറിയിലൂടെയായിരിക്കും അലോട്ട്മെന്റ് തീരുമാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 'ലെറ്റർ ഓഫ് ഇന്റന്റ്' ലഭിക്കും. കൂടാതെ രജിസ്റ്റർ ചെയ്ത ഉടമകൾക്ക് തിരിച്ചറിയൽ കാർഡുകളും പ്രത്യേക ദുർഗ്ഗ ജാക്കറ്റുകളും ക്യാപ്പുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.