'ഇത് ചന്തയാണെന്ന് കരുതിയോ?'; കോടതിമുറിയിൽ ഫോണിൽ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിമുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഫോൺ കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ്, ഇത് ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. ഒന്നാം കോടതിമുറിയിലായിരുന്നു സംഭവം.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിമുറിയിലുണ്ടായിരുന്നത്. ഇതിനിടെ ഒരു അഭിഭാഷകൻ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾ നിർത്തിയ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ നേരിട്ട് വിളിച്ചു.

'ഫോണിൽ സംസാരിക്കാൻ ഇതെന്താ ചന്തയോ' എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, അഭിഭാഷകന്‍റെ ഫോൺ വാങ്ങിവെക്കാൻ കോർട് മാസ്റ്റർക്ക് നിർദേശം നൽകി. 'കോടതിമുറിയിൽ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ട്. ജഡ്ജിമാർ എല്ലാം കാണുന്നുണ്ട്. ഞങ്ങൾ ചിലപ്പോൾ രേഖകൾ പരിശോധിക്കുകയാവാം, എന്നാൽ ഞങ്ങളുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്' -ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Tags:    
News Summary - CJI DY Chandrachud Asks Lawyer To Surrender Mobile Phone For Taking Call In Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.