പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതാണ് നിലവിലെ നിയമ വ്യവസ്ഥ. പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അവർ യോഗ്യരല്ല. ഈ കുടിയേറ്റക്കാരെ പാസ്പോർട്ട്, വിദേശ നിയമങ്ങൾ പ്രകാരമുള്ള നടപടികളിൽ നിന്ന് ഒഴിവാക്കി 2015ലും 2016ലുമായി സർക്കാർ വിജ്ഞാപനം കൊണ്ടുവന്നു. തുടർന്നും താമസിക്കാൻ പാകത്തിൽ ദീർഘകാല വിസ അനുവദിച്ചു. ഇപ്പോൾ ഈ കുടിയേറ്റക്കാരെ പൗരത്വത്തിന് അർഹരാക്കുകയാണ് ചെയ്യുന്നത്.
2014 ഡിസംബർ 31: പൗരത്വം ഇവിടെ വരെ
2014 ഡിസംബർ 31 വരെ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയിൽ പ്രവേശിച്ചവർക്ക് പൗരത്വം നൽകും. എത്തിച്ചേർന്ന കാലം മുതലുള്ള പൗരത്വം അനുവദിക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ആറു ന്യൂനപക്ഷ വിഭാഗക്കാർ അടക്കം ഇന്ത്യൻ വേരുള്ളവർക്ക് അതിനുതക്ക തെളിവ് പൗരത്വ അപേക്ഷ വേളയിൽ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. 12 വർഷം ഇന്ത്യയിൽ താമസിച്ചതിനു രേഖയുള്ളവർക്ക് പൗരത്വം അനുവദിക്കുന്നതാണ് രീതി. അതിനാൽ പൗരത്വ നിയമത്തിെൻറ ആറാം പട്ടിക ഭേദഗതി ചെയ്യും. ഇനി അഞ്ചു വർഷം താമസിച്ചെന്ന് തെളിയിച്ചാൽ മതി.
എതിർപ്പ് എന്തുകൊണ്ട്
രാജ്യത്ത് എത്തുന്ന അഭയാർഥികളിൽ മുസ്ലിംകളെ പൗരത്വത്തിന് പുറത്ത് നിർത്തുന്നുവെന്നാണ് ബില്ലിനെതിരായ പ്രധാന ആരോപണം. തുല്യത ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 14െൻറ ലംഘനമാണ് ബിൽ എന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. മതത്തിെൻറ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും ബില്ലിനെ എതിർക്കുന്ന പാർട്ടികൾ ആവശ്യപ്പെടുന്നു.
വടക്കു കിഴക്കൻ ചൂട്
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബില്ലെനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലാണ്. അതിന് അവർ പറയുന്ന കാരണങ്ങൾ ഇവയാണ്:
പ്രത്യേക പരിരക്ഷ
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പരിരക്ഷ നിലനിൽക്കും. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ ഈ നിയമഭേദഗതിയുടെ വ്യവസ്ഥകൾ ബാധകമായിരിക്കില്ല. ഇന്നർലൈൻ പെർമിറ്റ് സമ്പ്രദായം അനുസരിച്ച് പരിരക്ഷയുള്ള അരുണാചൽപ്രദേശ്, സിക്കിം, മണിപ്പൂർ, നാഗാലൻഡ് ഭൂവിഭാഗങ്ങളിലും വ്യവസ്ഥ ബാധകമല്ല.
ഒ.സി.െഎ കാർഡ് റദ്ദാവും
പൗരത്വ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുടമയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇപ്പോൾ വ്യവസ്ഥയില്ല. പൗരത്വ നിയമമോ മറ്റേതെങ്കിലും നിയമമോ ലംഘിക്കുന്ന പക്ഷം ഒ.സി.ഐ കാർഡ് റദ്ദാക്കുംവിധം 7-ഡി വകുപ്പ് ഭേദഗതി ചെയ്യുകയാണ്. അതിനു മുമ്പ് കാർഡുടമക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകും.
ആദ്യം 31,313 പേർക്ക്
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ മുസ്ലിംകളല്ലാത്ത 31,313പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വം ലഭിക്കുക. (ഹിന്ദുക്കൾ: 25,447, സിഖ്-5,807, ക്രിസ്ത്യൻ-55, ബുദ്ധമതക്കാർ-രണ്ട്, പാഴ്സി-ഒന്ന്). അയൽരാജ്യങ്ങളിൽ പീഡനം നേരിടേണ്ടിവന്നതിനാൽ പുറത്താക്കപ്പെട്ടവരാണ് തങ്ങളെന്നും അതിനാൽ ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിലവിൽ ദീർഘകാലവിസയിൽ താമസിച്ചു വരുന്നവരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.