വീണ്ടും ക്രൈസ്തവ പുരോഹിതർക്ക് മർദനം; മതംമാറ്റത്തിന് കേസുമെടുത്തു

ജമ്മു: രാജ്യത്ത് ക്രൈസ്തവ പുരോഹിതർക്കെതിരെ വീണ്ടും മർദനം. മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജമ്മു കശ്‌മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗറിലെ കഠ്‌വയിലാണ് ക്രൈസ്തവ പുരോഹിതന്മാർക്ക് മർദനമേറ്റത്. മതപരിവർത്തനം നടത്തിയതിന് ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.

വെള്ളിയാഴ്ച കഠ്‌വ രാജ്ബാഗിലെ ജുതാന ഗ്രാമത്തിൽവെച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള പുരോഹിതർക്കാണ് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി. പാവപ്പെട്ടവരെ പണം വാഗ്ദാനം നൽകി മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു എന്നാരോപിച്ച് പുരോഹിതരെ ഒരു സംഘം മർദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ, ഗ്രാമവാസികളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനെത്തി മടങ്ങുകയായിരുന്നെന്നും അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് പുരോഹിതർ പറയുന്നത്. ദാരിദ്ര്യത്തിൽനിന്നും രോഗത്തിൽനിന്നും മോചനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മതപരിവർത്തനം പ്രോത്സാഹിപ്പിച്ചെന്നും ആരോപിച്ചാണ് രാജ്ബാഗ് പൊലീസ് പുരോഹിതർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കാര്യം സ്ഥിരീകരിച്ച കഠ്‌വ സീനിയർ പൊലീസ് സൂപ്രണ്ട് മോഹിത ശർമ്മ, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചു.

വിദൂര ഗ്രാമങ്ങളിലെ ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തിൽ കഠ്‌വ ടൗണിൽ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടന്നു.

അതേസമയം, അക്രമസംഭവം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സബ് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ രവീന്ദ്ര സിങ് തേല എന്നയാളെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സമാന ആരോപണങ്ങളുടെ പേരിൽ സാംബയിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Tags:    
News Summary - Christian missionaries beaten again; case filed for conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.