മംഗളൂരു റയിൽവേ സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തണമെന്ന് ചൗട്ട എം.പി

മംഗളൂരു: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു സെൻട്രൽ റയിൽവേ സ്റ്റേഷൻ മൈസൂരു ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ ഡിവിഷനിൽ ലയിപ്പിക്കണമെന്ന് ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ലോക്സഭയിൽ ആവശ്യപ്പെട്ടു. മലയാളി

സാന്നിധ്യം നിറഞ്ഞ മംഗളൂരു റെയിൽവേ ഭരണം പുനഃസംഘടിപ്പിക്കണമെന്നത് കന്നടികർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

മികച്ച ഏകോപനവും അടിസ്ഥാന സൗകര്യ വികസനവും മൈസൂരുവിന്റെ ഭാഗമാവുന്നതോടെ ഉറപ്പാവുമെന്ന് ചൗട്ട അഭിപ്രായപ്പെട്ടു. ഗതാഗത ചെലവ് കുറക്കുന്നതിനും വ്യാപാര കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പുതുമംഗലാപുരം തുറമുഖത്തിനും ബംഗളൂരുവിനും ഇടയിൽ പ്രത്യേക ചരക്ക് ഇടനാഴി സ്ഥാപിക്കണം.

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിച്ച് അതിന്റെ സാമ്പത്തിക പരിമിതികളും 2,589 കോടി രൂപയുടെ കടബാധ്യതയും ലഘൂകരിക്കാൻ കഴിയുമെന്നും എം.പി ചൂണ്ടിക്കാട്ടി.

വന്ദേ ഭാരത് എക്സ്പ്രസ് മുംബൈയിലേക്ക് നീട്ടണം

മംഗളൂരു: മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് റദ്ദാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സർവിസ് നിർത്തലാക്കുന്നതിനുപകരം മുംബൈയിലേക്ക് നീട്ടണമെന്ന് ഉഡുപ്പി-ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട്

ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ട്രെയിൻ സർവിസ് നിർത്തുന്നു എന്നായിരുന്നു പ്രചാരണം.

ഉടനടി പ്രതികരിച്ച മന്ത്രി ട്രെയിൻ സർവിസ് നിർത്തലാക്കുന്നില്ലെന്ന് ഉറപ്പാക്കാനും മുംബൈയിലേക്ക് നീട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മംഗളൂരുവിന്റെയും ഉഡുപ്പിയുടെയും സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച റിപ്പോർട്ട് എംപി മന്ത്രിക്ക് സമർപ്പിച്ചു. മുംബൈയിലേക്ക് ട്രെയിൻ സർവിസ് നീട്ടേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞു. ഭാവിയിൽ മംഗളൂരുവിനും മുംബൈക്കുമിടയിൽ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്നും അഭ്യർത്ഥിച്ചു. മന്ത്രിയുടെ പിന്തുണയ്ക്കും ഉറപ്പിനും നന്ദി അറിയിച്ച എംപി, തീരുമാനത്തെ സ്വാഗതംചെയ്തു.

Tags:    
News Summary - Chowta MP wants Mangaluru railway station to be separated from Palakkad division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.