ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് താമസസൗകര്യം നിഷേധിച്ച് ഡൽഹിയിലെ ഹോട്ടലുകൾ. കിഴക്കൻ ലഡാക്കിലെ ഗാൽവാനിലുണ്ടായ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികൾ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് പൗരൻമാർക്ക് താമസ സൗകര്യം അനുവദിക്കില്ലെന്ന് ഡൽഹിയിലെ ഹോട്ടൽ ആൻഡ് റസ്റ്ററൻറ് കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസുകളിലും താമസിക്കാൻ അനുവാദം നൽകില്ല.
ഡൽഹിയിൽ ഏകദേശം 3000ത്തോളം ഹോട്ടലുകളും 75,000 ത്തോളം ഗസ്റ്റ് ഹൗസ് മുറികളുമാണുള്ളത്. ഇവിടങ്ങളിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും തീരുമാനിച്ചു. ചൈനീസ് നിർമിത ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ, കത്തി-സ്പൂൺ മുതലായവ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ ബഹിഷ്കരിക്കും.
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി അറിയിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സിന് ഹോട്ടൽ ആൻഡ് റസ്റ്ററൻറ് ഒാണേഴ്സ് അസോസിയേഷൻ കത്തെഴുതി. ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണത്തിന് പൂർണ പിന്തുണയും അറിയിച്ചു.
ചൈനീസ് പൗരന്മാർക്ക് ഡൽഹിയിലെ ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും താമസ സൗകര്യം നൽകില്ല. ചൈനീസ് ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം -അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗാൽവാനിലെ ആക്രമണത്തിന് ശേഷം ഇന്ത്യ -ചൈന ബന്ധം വഷളായിരുന്നു. ഇന്ത്യയിലെ ചൈനീസ് കമ്പനികളിലേക്കും ഇത് വ്യാപിച്ചു. ആക്രമണത്തെ തുടർന്ന് വ്യാപകമായി ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ ആവശ്യവും ഉയർന്നുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.