ഡോണാൾഡ് ട്രംപ്
ന്യൂഡൽഹി: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയിലെ ചൈനീസ് എംബസി. ഇന്ത്യയുടെയും ചൈനയുടെയും ദേശീയ പതാകകൾ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചൈനീസ് എംബസി വക്താവ് യു ജിങ് ട്രംപിന് മറുപടി നൽകിയത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പടുത്തുയർത്തേണ്ടത് പരസ്പര ബഹുമാനത്തിലൂടെയാകണമെന്ന് ചൈന ഓർമിപ്പിച്ചു.
അമേരിക്കയിലെ തീവ്ര വലതുപക്ഷ റേഡിയോ അവതാരകനായ മൈക്കൽ സാവേജിന്റെ ഒരു ലേഖനം ഡോണാൾഡ് ട്രംപ് എക്സിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഭൂമിയിലെ നരകക്കുഴികൾ എന്നാണ് ലേഖനത്തിൽ വിശേഷിപ്പിച്ചത്. അമേരിക്കയിലെ ബർത്ത്‌റൈറ്റ് സിറ്റിസൺഷിപ്പ് (അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിയമം) പ്രയോജനപ്പെടുത്താനായി ഇന്ത്യക്കാരും ചൈനക്കാരും ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ അമേരിക്കയിലേക്ക് എത്തുന്നു എന്നായിരുന്നു ലേഖനത്തിലെ വംശീയമായ ആരോപണം.
ട്രംപിന്റെ നടപടിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് യു ജിങ് രംഗത്തെത്തിയത്. ‘വൈറലാകുന്ന വാക്കുകൾ മാഞ്ഞുപോയേക്കാം, എന്നാൽ യഥാർത്ഥ പങ്കാളിത്തം നിലനിൽക്കും. ഉഭയകക്ഷി ബന്ധങ്ങൾ പടുത്തുയർത്തേണ്ടത് ബഹുമാനത്തിലൂടെയാണ്, അധിക്ഷേപ പ്രസംഗങ്ങളിലൂടെയല്ല’ യു ജിങ് കുറിച്ചു. വാഷിങ്ടണും ഡൽഹിയും തമ്മിലുള്ള ബന്ധത്തെക്കാൾ ആഴമുള്ളതാണ് ബീജിങ്ങും ഡൽഹിയും തമ്മിലുള്ള ബന്ധമെന്ന സൂചനയും ചൈനീസ് വക്താവിന്റെ വാക്കുകളിലുണ്ടായിരുന്നു.
ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെ ഡെമോക്രാറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ സമിതിയിലെ ഡെമോക്രാറ്റിക് പ്രതിനിധികൾ ട്രംപിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ വിമർശനം.
രാജ്യം ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ പ്രസിഡന്റ് പദവിയെ ഒരു റിയാലിറ്റി ഷോ പോലെയാണ് ട്രംപ് കാണുന്നതെന്നും, സോഷ്യൽ മീഡിയയിൽ വംശീയമായ മാലിന്യങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹമെന്നും ഹൗസ് കമിറ്റി ഓൺ ഫോറിൻ അഫയേഴ്സ് പരിഹസിച്ചു. ഇന്ത്യയും കഴിഞ്ഞ ദിവസം വിഷയത്തിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മൈക്കിൾ സാവേജിന്റെ പരാമർശങ്ങൾ അങ്ങേയറ്റം മോശമായതും, തെറ്റായ വിവരങ്ങൾ അടങ്ങിയതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര തലത്തിൽ മാന്യമല്ലാത്ത ഇത്തരം പ്രയോഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് ഇന്ത്യ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.