ന്യൂഡൽഹി: ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കുന്ന സിബിഎസ്ഇ നയം നടപ്പാക്കുന്നതിനെതിരെയുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇതിൽ രണ്ടു ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണമെന്നാണ് സിബിഎസ്ഇ വ്യവസ്ഥ ചെയ്യുന്നത്. 2026-27 അധ്യയന വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന ഈ തീരുമാനത്തിനെതിരെയുള്ള ഹർജിയിൽ പെട്ടെന്ന് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഫ്രണ്ട്സ് ഓഫ് പീപ്പിൾ ഫോർ ആക്ടീവ് ഡെമോക്രസി എന്ന എൻജിഒ നൽകിയ ഹർജിയിലാണ് തീരുമാനം. മറ്റ് സമാന ഹർജികൾക്കൊപ്പം ഇതും ജൂലൈ 14ന് കോടതി പരിഗണിക്കും.
ഇന്ന് തങ്ങൾക്ക് ഒറ്റവരിയിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ത്രിഭാഷാ നയത്തെയല്ല, മറിച്ച് അത് പെട്ടെന്ന് നടപ്പാക്കുന്ന രീതിയെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് എൻജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മേയ് 27ന് ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എൻസിഇആർടിക്കും നോട്ടീസ് അയച്ചിരുന്നു. പുതിയ നയം നടപ്പാക്കാനുള്ള സിബിഎസ്ഇയുടെ അടിസ്ഥാന സൗകര്യങ്ങളെയും ഒരുക്കങ്ങളെയും കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് എന്നിവയുടെ ഭാഗമായാണ് സിബിഎസ്ഇ പഠനരീതി പരിഷ്കരിച്ചത്. ഇതനുസരിച്ച് ജൂലൈ 1 മുതൽ ഒൻപതാം ക്ലാസുകാർക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും. പഠിക്കേണ്ട മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മൂന്നാമത്തെ ഭാഷയായോ അല്ലെങ്കിൽ അധികമായി നാലാമത്തെ ഭാഷയായോ മാത്രമേ തിരഞ്ഞെടുക്കാനാകൂ. വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി മൂന്നാമത്തെ ഭാഷയ്ക്ക് പത്താം ക്ലാസിൽ ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഇതിന്റെ മൂല്യനിർണ്ണയം പൂർണ്ണമായും സ്കൂൾ തലത്തിൽ ആഭ്യന്തരമായി നടത്തിയാൽ മതിയാകും.
പ്രാദേശിക ഭാഷകൾ പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ലാത്ത സ്കൂളുകളിൽ, മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ താൽക്കാലികമായി ഉപയോഗിക്കാൻ സാധിക്കും. വിരമിച്ച അധ്യാപകരുടെ സേവനം തേടാനും സിബിഎസ്ഇ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികൾക്കും ഇതിൽ ഇളവുകൾ അനുവദിക്കും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ് മുതൽ മാത്തമാറ്റിക്സ്, സയൻസ് എന്നീ വിഷയങ്ങൾക്ക് മാൻഡേറ്ററി സ്റ്റാൻഡേർഡ്, ഓപ്ഷണൽ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് ലെവലുകൾ വീതമുണ്ടാകും. എല്ലാ വിദ്യാർഥികളും പൊതുവായ 80 മാർക്കിന്റെ പരീക്ഷ എഴുതേണ്ടതുണ്ട്. എന്നാൽ ഉന്നത പഠനം ലക്ഷ്യമിടുന്നവർക്ക് ആഴത്തിലുള്ള അറിവ് പരിശോധിക്കുന്ന അഡ്വാൻസ്ഡ് ലെവൽ പരീക്ഷ കൂടി അധികമായി എഴുതാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.