ലഖ്നോ: റെയിൽവേ പ്ലാറ്റ് ഫോമിൽ അമ്മക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി. മഥുര സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് 100 കി.മീ അകലെ ഫിറോസാബാദിലെ ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കുട്ടികളെ തട്ടിയെടുത്ത് വിൽക്കുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ആഗസ്റ്റ് 23ന് രാത്രി കുഞ്ഞിനെ ഒരാൾ തട്ടിയെടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോയയാൾ ഉൾപ്പെടെ എട്ട് പ്രതികളെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി നേതാവും മുനിസിപ്പൽ കൗൺസിലറുമായ വിനിത അഗർവാളിന്‍റെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെയും ഭർത്താവ് കൃഷ്ണ മുരാരി അഗർവാളിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങൾ കുഞ്ഞിനെ 1.8 ലക്ഷം രൂപ കൊടുത്ത് വാങ്ങുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ തട്ടിയെടുത്ത ദീപ് കുമാർ എന്നയാൾ ഇത്തരത്തിലുള്ള സംഘത്തിന്‍റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. സമീപ ജില്ലയായ ഹാഥറസിൽ ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടർമാരും ഈ സംഘത്തിൽ അംഗങ്ങളാണ്. ഏതാനും ആരോഗ്യപ്രവർത്തകരും ഇവർക്കൊപ്പമുണ്ട്.
ബി.ജെ.പി നേതാവ് വിനിത അഗർവാളിന് ഒരു പെൺകുട്ടിയാണുള്ളത്. ഒരു ആൺകുട്ടി വേണമെന്ന് ഇവർ ആഗ്രഹിച്ചിരുന്നു. തുടർന്ന്, കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘവുമായി ബന്ധപ്പെട്ട് പണം നൽകി കുഞ്ഞിനെ വാങ്ങുകയായിരുന്നു -പൊലീസ് പറഞ്ഞു.
ഒരു നഴ്സിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നും, കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വിനിത അഗർവാൾ പറഞ്ഞു. വിനിതയെയും കുടുംബത്തെയും മഥുരയിലെത്തിച്ച് പൊലീസ് വിശദമായി ചോദ്യംചെയ്തിരുന്നു.
നേരത്തെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുഞ്ഞും അമ്മയും കിടക്കുന്നതിനടുത്തുകൂടെ ഒരാൾ കടന്നുപോകുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ തിരിച്ച് വരുന്നു. പതുക്കെ പുതപ്പുയർത്തി നോക്കുകയും ഉടൻ കുഞ്ഞിനെ എടുത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനടുത്തേക്ക് നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കുഞ്ഞിനെ കണ്ടെത്താനായി പൊലീസ് നിരവധി ടീമുകൾ രൂപീകരിച്ച് അന്വേഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.