ചെന്നൈ: റോഡില്ലാത്തതിനാൽ യാത്ര തടസ്സപെട്ട് പാമ്പുകടിയേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാദ്യം. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ദാരുണ സംഭവം. ആംബുലൻസ് നിർത്തിയിടത്തുനിന്ന് കുഞ്ഞിന്‍റെ മൃതദേഹവുമായി അമ്മ നടന്നത് ആറ് കിലോമീറ്റർ.
മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയെങ്കിലും റോഡ് ശരിയല്ലാത്തതിനാൽ ആംബുലൻസ് യാത്ര പാതിവഴിയിൽ തടസ്സപെട്ടു. നല്ല റോഡില്ലാത്തതാണ് ആശുപത്രിയിൽ എത്താൻ വൈകിയതെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തെ ആശാവർക്കറുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ പ്രഥമശുശ്രൂഷ നൽകാമായിരുന്നുവെന്ന് വെല്ലൂർ കലക്ടർ പറഞ്ഞു. 1,500 ഓളം പേർ താമസിക്കുന്ന പ്രദേശത്തേക്ക് റോഡ് സ്ഥാപിക്കുന്നതിന് ശ്രമം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.
സംഭവം തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ അപലപിച്ചു. "ശരിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ഒരു കുഞ്ഞ് മരിക്കുന്നത് അംഗീകരിക്കാനാവില്ല. കുട്ടിയുടെ മൃതദേഹവും ചുമന്ന് മാതാപിതാക്കൾക്ക് കിലോമീറ്ററുകൾ നടക്കേണ്ടിവന്നത് അതിലും ദയനീയമാണ്. ആരും അനുഭവിക്കാൻ പാടില്ലാത്ത ദുരിതത്തിന്റെ കൊടുമുടിയാണിത്" -അണ്ണാമലൈ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.