ലക്ഷ്മണരേഖ ലംഘിക്കരുത്, ഭരണനിർവഹണം നിയമപരമെങ്കിൽ ഇടപെടില്ല; മോദിയെ വേദിയിലിരുത്തി വിമർശിച്ച് ചീഫ് ജസ്റ്റിസ്


ന്യൂഡൽഹി: നിയമാനുസൃതമാണെങ്കിൽ ഭരണവഴിയിൽ കോടതി തടസ്സമാകില്ലെന്നും അധികാരികൾ സ്വന്തം ധർമം നിയമപരമായി നിർവഹിക്കുകയാണെങ്കിൽ ജനത്തിന് കോടതിയെ സമീപിക്കേണ്ടി വരില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ. രാജ്യത്തെ മൂന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെയും (എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി) അധികാരം ഭരണഘടനാപരമായി വേർതിരിക്കപ്പെട്ടതാണെന്നും ഒരു സ്ഥാപനവും 'ലക്ഷ്മണരേഖ' ലംഘിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ ചീഫ് ജസ്റ്റിസിന്‍റെ അഭിപ്രായ പ്രകടനം.

മൂന്ന് ഭരണഘടന സ്ഥാപനങ്ങൾക്കും ഇടയിലുള്ള സൗഹാർദപൂർണമായ പ്രവർത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാസാക്കും മുമ്പ് ശരിയായ പരിശോധന അനിവാര്യമാണ്. ഭരണനിർവഹണത്തിൽ നിയമവും ഭരണഘടനയും തള്ളപ്പെടുകയാണ്. തീരുമാനങ്ങൾ നടപ്പാക്കാനുള്ള തിരക്കിൽ സർക്കാർ നിയമ വകുപ്പിനെ ബന്ധപ്പെടുന്നില്ല. മതിയായ ചർച്ചകളും സംവാദങ്ങളുമില്ലാതെയാണ് നിയമം പാസാക്കുന്നത്. ജനക്ഷേമം മനസ്സിൽ കണ്ട്, ചിന്താപരമായ വ്യക്തതയോടെയും ദീർഘവീക്ഷണത്തോടെയും നിയമം പാസാക്കിയാൽ കോടതി വ്യവഹാരത്തിനുള്ള സാധ്യത കുറയും. ബില്ലിനെക്കുറിച്ച് ജനങ്ങളുടെ കാഴ്ചപ്പാടുകൾ അറിയാനും ഓരോ വകുപ്പും ചർച്ചചെയ്യാനും നിയമനിർമാണ സഭകൾ സന്നദ്ധമാകണം. കേസുകൾ കെട്ടിക്കിടക്കുന്നത് ചർച്ചചെയ്യുമെങ്കിലും ജഡ്ജിമാരുടെ നികത്താത്ത ഒഴിവുകൾ അറിയാതെ പോകുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുഖ്യമന്ത്രിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും 11ാമത് സംയുക്ത സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കോടതി വ്യവഹാരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകണമെന്നും കോടതികൾ ഇംഗ്ലീഷിന് പകരം പ്രാദേശിക ഭാഷകളെ മാധ്യമമാക്കണമെന്നും മോദി പറഞ്ഞു.

സാധാരണ ജനങ്ങളിൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വിശ്വാസമുണ്ടാക്കാൻ ഇത് സഹായിക്കും. കോടതി സമുച്ചയങ്ങൾക്കും ജഡ്ജിമാർക്കും മതിയായ സുരക്ഷിതത്വം നൽകണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.

Tags:    
News Summary - Chief Justice's "Lakshman Rekha" Comment At Meet With Chief Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.