ന്യൂഡൽഹി: മുസ്ലിംകളെ ഒരു സമുദായമെന്ന നിലയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരായി കണക്കാക്കാമോ എന്ന കാര്യം ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനിക്കും.
2005ൽ ആന്ധ്രപ്രദേശിൽ പിന്നാക്ക സമുദായമെന്ന നിലയിൽ മുസ്ലിംകൾക്ക് സംവരണം നൽകിയത് റദ്ദാക്കാനുള്ള ഹരജിയിലാണ് ഇക്കാര്യം തീർപ്പാക്കുക. ഇതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിന് വഴിയൊരുക്കി കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതി സാധുവാണോ എന്ന കാര്യത്തിലും തീർപ്പുകല്പിക്കും.
സെപ്റ്റംബർ ആറിന് ഇതുമായി ബന്ധപ്പെട്ട ഹരജികൾ വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാനുള്ള സമയപരിധിയും നിശ്ചയിച്ചു. ഒരു സമുദായമെന്ന നിലയിൽ മുസ്ലിംകൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്ന് ഭരണഘടനയുടെ 15ഉം 16ഉം അനുഛേദങ്ങൾ പ്രകാരം നിശ്ചയിക്കാൻ പറ്റുമോ എന്നതാണ് ആന്ധ്ര കേസിന്റെ മർമം. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് രണ്ട് കേസുകളുമെന്നും സാമ്പത്തിക സംവരണം ആദ്യം കേട്ട് തുടർന്ന് മുസ്ലിം സംവരണം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. ശദാൻ ഫറസത്ത്, നിചികേത ജോഷി, മഹ്ഫൂസ് നസ്കി, കാനു അഗർവാൾ എന്നിവരെ കേസിൽ നോഡൽ അഭിഭാഷകരായും ബെഞ്ച് നിയോഗിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.പി. പർദീവാല എന്നിവരുമുണ്ടാകും. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റികളിൽ സിഖ് സംവരണവും ഈ ബെഞ്ച് പരിശോധിക്കും. സുപ്രീംകോടതിക്ക് മേഖല തലത്തിൽ ബെഞ്ചുകളും അപ്പീലിനായി പ്രത്യേക കോടതിയും ആവശ്യമുണ്ടോ എന്ന കാര്യമാണ് ഇതേ ബെഞ്ച് പരിശോധിക്കുന്ന മറ്റൊരു വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.