ഇപ്പോഴും മനസിൽ വേദനയായി പടരുന്നു; അഞ്ചാംക്ലാസിൽ അധ്യാപകൻ ചൂരൽ ​കൊണ്ടടിച്ച സംഭവം വിവരിച്ച് ചീഫ് ജസ്റ്റിസ്

സ്കൂളുകളിൽ അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് ഇപ്പോൾ പലയിടത്തും നിരോധിച്ചിരിക്കുകയാണ്. കുറച്ചുമുമ്പു വരെ ഇതായിരുന്നില്ല സ്ഥിതി. നിസ്സാര തെറ്റുകൾക്ക് പോലും കുട്ടികൾക്ക് ചൂരൽ കഷായം നൽകുന്ന അധ്യാപകർ ധാരാളമുണ്ടായിരുന്നു. മുതിർന്നു കഴിഞ്ഞാലും ആ ശിക്ഷാമുറകൾ ജീവിതത്തിൽ ഒരിക്കലും മറക്കുകയുമില്ല.

അങ്ങനെയൊരു ഓർമയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പങ്കുവെക്കുന്നത്. ശനിയാഴ്ച ഒരു സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം രസകരമായ സംഭവം വിവരിച്ചത്. സ്കൂൾ പഠനകാലത്ത് നിസ്സാര തെറ്റിന് അധ്യാപകൻ തന്നെ ശിക്ഷിച്ച കാര്യമാണ് അദ്ദേഹം ഓർത്തെടുത്തത്. കുട്ടിക്കാലത്ത് നടന്ന സംഭവമായിട്ടും അതിപ്പോഴും തന്റെ മനസിൽ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ചെറിയ ശിക്ഷ നൽകിയാൽ പോലും അതവരുടെ ജീവിതകാലം മുഴുവൻ ഓർമയിൽ നിൽക്കും. തുന്നൽ പഠിപ്പിക്കുന്ന ക്ലാസിലാണ് അധ്യാപകനിൽ നിന്ന് ചീഫ് ജസ്റ്റിസിന് ശിക്ഷയേൽക്കേണ്ടി വന്നത്. ആ ദിവസം ഒരിക്കലും മറന്നുപോകില്ല. തുന്നുന്നതിനായി ശരിയായ സൂചി കൊണ്ടുവരാഞ്ഞതിനാണ് അന്ന് എനിക്ക് കഠിനമായ ശിക്ഷ ലഭിച്ചത്.-ചീഫ് ജസ്റ്റിസ് പറഞ്ഞു.

അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു ചന്ദ്രചൂഡ്. ആളുകളുടെ ശിക്ഷാരീതി കുട്ടികളുടെ മനസിൽ ആഴത്തിൽ മുറിവേൽപിക്കുന്നതിന് ഉദാഹരണം വിവരിക്കുകയായിരുന്നു അദ്ദേഹം.

''ഇപ്പോഴും ഞാനത് നന്നായി ഓർക്കുന്നു. അധ്യാപകൻ എന്നോട് സൂചി കൊണ്ടുവരാൻ പറഞ്ഞു. എന്നാൽ അത് ശരിയായ അളവിലുള്ളതല്ലാത്തതിനാൽ അധ്യാപകൻ എന്നെ ചൂരൽ കൊണ്ടടിച്ചു. വലതു കൈയിൽ ചൂരൽ കൊണ്ടടിച്ച വേദന ഇപ്പോഴും മറന്നിട്ടില്ല. 10 ദിവസത്തോളം മാതാപിതാക്കളിൽ നിന്ന് അടികിട്ടിയ സംഭവം മറച്ചുവെച്ചു. ശാരീരികമായി ഏൽക്കുന്ന മുറിവുകൾ ഭേദമാകും. എന്നാൽ മനസിന് ഏൽക്കുന്നത് മുറിവുകൾ ഒരിക്കലും മായില്ല. ഇപ്പോഴും ജോലിക്കിടെ ആ സംഭവം ഓർമ വരും. കുഞ്ഞുങ്ങളുടെ മനസിനെ ഇത്തരം ശിക്ഷാരീതികൾ ആഴത്തിൽ മുറിവേൽപിക്കും.​''-ചീഫ് ജസ്റ്റിസ് പറഞ്ഞു.

കാഠ്മണ്ഡുവിൽ നേപ്പാൾ സുപ്രീം കോടതി സംഘടിപ്പിച്ച ജുവനൈൽ ജസ്റ്റിസിനെക്കുറിച്ചുള്ള ദേശീയ സിമ്പോസിയത്തിൽ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് സംഭവം പങ്കുവെച്ചത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുപോകുന്ന കുട്ടികളുടെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ബാലനീതിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിയമപരമായ തർക്കങ്ങളിൽ അകപ്പെട്ട കുട്ടികളുടെ പരാധീനതകളും അതുല്യമായ ആവശ്യങ്ങളും നാം തിരിച്ചറിയുകയും അവർക്ക് പുനരധിവാസം നൽകുകയും ചെയ്യാനുള്ള അവസരങ്ങൾ ഉറപ്പാക്കുകയും വേണം. കൗമാരക്കാരുടെ സ്വഭാവം മനസിലാക്കേണ്ടത് സുപ്രധാനമാണ്.

പ്രായപൂർത്തിയാകാത്ത ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ ഗർഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയും സെമിനാറിൽ അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയിലെ ജുവനൈൽ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും അപര്യാപ്തതയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Chief Justice shares he was caned in class 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.