ന്യൂഡൽഹി: ബിഹാറിന്റെ ചുവടുപിടിച്ച് രാജ്യമൊട്ടുക്കും നടപ്പാക്കുന്ന വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ)യിൽ ആധാർ കാർഡ് രേഖയായി അംഗീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരെ അറിയിച്ചു. കേരളത്തിൽ 2002ലെ വോട്ടർ പട്ടികയായിരിക്കും എസ്.ഐ.ആറിനുള്ള അടിസ്ഥാന വോട്ടർപട്ടികയായി കണക്കാക്കുക. അതിനാൽ 2002ലെ കേരളത്തിലെ വോട്ടർ പട്ടികയിൽ പേരുവരാത്ത മുഴുവനാളുകളും കമീഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേണ്ടിവരും.
ആ രേഖകളിൽ ഒന്നായി ആധാർ പരിഗണിക്കുമെന്നാണ് ഗ്യാനേഷ് കുമാർ അറിയിച്ചത്. ഇന്ത്യൻ പൗരൻ അല്ലാത്ത ഒരാളും വോട്ടർ പട്ടികയിൽ ഉണ്ടാകരുതെന്നും ഒന്നിലധികം സ്ഥലങ്ങളിൽ ഒരാൾക്ക് വോട്ട് ഉണ്ടാകരുതെന്നുമുള്ള ലക്ഷ്യത്തോടെയാണ് പ്രത്യേക തീവ്ര പരിശോധന (എസ്.ഐ.ആർ) നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരോട് പറഞ്ഞു. എസ്.ഐ.ആറിനുള്ള പ്രാരംഭ ഒരുക്കങ്ങൾക്കാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ സമ്മേളനം ഗ്യാനേഷ് കുമാർ വിളിച്ചുചേർത്തിരുന്നത്.
65 ലക്ഷത്തോളം പേരുകൾ കരട് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി ‘വോട്ടു ബന്ദി’ ആക്ഷേപത്തിനിടയാക്കിയ എസ്.ഐ.ആർ രാജ്യമൊട്ടുക്കും നടപ്പാക്കുമെന്ന് സുപ്രീം കോടതിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരുന്നു.
ബിഹാറിലെ എസ്.ഐ.ആറിനെതിരായ ഹരജികളിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചായിരിക്കും തുടർനടപടികൾ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അതിന് വിരുദ്ധമായാണ് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതിനു മുമ്പുതന്നെ രാജ്യമൊട്ടുക്കും എസ്.ഐ.ആർ നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് കമീഷൻ തുടക്കമിട്ടിരിക്കുന്നത്.
എന്നാൽ, ആധാറിന്റെ കാര്യത്തിൽ സുപ്രീംകോടതി നിർദേശം സ്വീകരിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രേഖയായി ആധാർ അംഗീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെയും പൗരാവകാശ സംഘടനകളുടെയും അഭിഭാഷകർ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ആധാർ അംഗീകരിക്കാൻ ഒടുവിൽ കമീഷൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.