ചത്തീസ്ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് പത്തു കിലോമീറ്ററിലേറെ

ചത്തീസ്ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് പത്തു കിലോമീറ്ററിലേറെ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്. സിങ് ഡിയോ അന്വേഷണത്തിന് ഉത്തരവിട്ടു.

സർഗുജ ജില്ലയിലെ ലഖൻപുർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അസുഖബാധിതയായ ഏഴു വയസ്സുകാരി മരിക്കുന്നത്. കടുത്ത പനിയെ തുടർന്നാണ് പെൺകുട്ടിയെ ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആവശ്യമായ ചികിത്സ നൽകിയെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയും ഓക്സിജൻ ലവൽ കുറഞ്ഞ് 60ലെത്തുകയും ചെയ്തതായി റൂറൽ മെഡിക്കൽ അസിസ്റ്റന്‍റ് (ആർ.എം.എ) ഡോ. വിനോദ് ഭാർഗവ് പറഞ്ഞു.

പിന്നാലെ കുട്ടി മരണത്തിന് കീഴടങ്ങി. തുടർന്നാണ് മൃതദേഹവും ചുമന്ന് പത്തു കിലോമീറ്ററിലധികം ദൂരത്തുള്ള വീട്ടിലേക്ക് പിതാവ് നടന്നത്. എന്നാൽ, പിതാവിനോട് മൃതദേഹം കൊണ്ടുപോകാൻ വാഹനം എത്തുന്നതുവരെ കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും അദ്ദേഹം, ചുമന്ന് പോകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പിതാവ് മകളുടെ മൃതദേഹവും ചുമന്ന് പോകുന്നതിന്‍റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഏറെ അസ്വസ്ഥതപ്പെടുത്തതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൃത്യവിലോപം നടത്തിയവരെ ജോലിയിൽനിന്ന് മാറ്റിനിർത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Chhattisgarh man's plight caught on camera, walks with daughter's body for 10 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.