ജയിൽമോചിതനായി പുറത്തുവരുന്നവർ 

മാവോയിസ്റ്റ് കേസിൽ അഞ്ച് വർഷമായി ജയിലിലുള്ള 121 ആദിവാസികളെ വിട്ടയച്ച് ഛത്തീസ്ഗഢ് കോടതി

റായ്പൂർ: 2017ൽ സുരക്ഷാസേനയുമായുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ പ്രതികളാക്കി അറസ്റ്റ് ചെയ്ത 121 ആദിവാസികളെ അഞ്ച് വർഷത്തിന് ശേഷം കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച് ഛത്തീസ്ഗഢിലെ എൻ.ഐ.എ പ്രത്യേക കോടതി. സുക്മ ജില്ലയിൽ നിന്നുള്ള 121 പേരെയാണ് ജയിൽമോചിതരാക്കിയത്. 2017ലെ മാവോയിസ്റ്റ് ആക്രമണത്തിൽ 25 സുരക്ഷാ സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2017 ഏപ്രിൽ 24നായിരുന്നു ആക്രമണം നടന്നത്. മാവോവാദി ഭീഷണിയുള്ള മേഖലയിൽ റോഡ് പ്രവൃത്തിക്ക് സുരക്ഷ നൽകാനെത്തിയ 100 അംഗ സി.ആർ.പി.എഫ് സൈനികർക്ക് നേരെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. തുടർന്ന് പൊലീസ് സമീപത്തെ ആറ് ഗ്രാമങ്ങളിൽ നിന്നായി 121 ആദിവാസികളെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ, കൊലക്കുറ്റം, ആയുധനിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തുകയുമായിരുന്നു. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടും.

പ്രതികൾ ആക്രമണ സ്ഥലത്ത് ഉണ്ടായിരുന്നെന്നും ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തുവെന്നുമുള്ള പൊലീസിന്‍റെ വാദം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. ഇവർ മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ളവരാണെന്നതിന് ഒരു തെളിവുമില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനും തെളിവില്ല. പൊലീസ് പിടിച്ചെടുത്തെന്ന് പറയുന്ന ആയുധങ്ങൾ പ്രതികളിൽ നിന്ന് ലഭിച്ചതാണെന്നതിനും തെളിവില്ല -കോടതി വ്യക്തമാക്കി.


താൻ എന്ത് കുറ്റത്തിനാണ് അഞ്ച് വർഷം ശിക്ഷ അനുഭവിച്ചതെന്ന് ഇനിയും അറിയില്ലെന്ന് പ്രതികളിലൊരാളായ പദം ബുസ്ക പറഞ്ഞു. വീട്ടിലിരിക്കുമ്പോഴാണ് പൊലീസ് വന്ന് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്‍റെ ഗ്രാമത്തിൽ നിന്ന് മാത്രം നാലുപേരെ പൊലീസ് പിടികൂടി -അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ബേല ഭാട്ടിയയാണ് പ്രതികൾക്കായി ഹാജരായവരിലൊരാൾ. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സാധാരണ ഗ്രാമീണരെ പൊലീസ് ബലിയാടാക്കുകയാണ് ചെയ്തതെന്ന് അവർ പറഞ്ഞു. ഇത്രയും കാലം ജയിലിൽ കഴിഞ്ഞ നിരപരാധികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്നും അവർ ചോദിച്ചു.

എഫ്.ഐ.ആർ സമർപ്പിച്ച് നാല് വർഷം പിന്നിട്ടപ്പോൾ മാത്രമാണ് 2021 ആഗസ്റ്റിൽ കേസിന്‍റെ വിചാരണ തുടങ്ങിയത്. കെട്ടിച്ചമച്ച കേസുകളിൽ ആദിവാസികളെ ഉൾപ്പെടുത്തുന്നത് എങ്ങനെയെന്നും നീതി ലഭിക്കാനുള്ള വഴികൾ തന്നെ ശിക്ഷയായി മാറുന്നത് എങ്ങനെയെന്നുമുള്ളതിന്‍റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ കോടതിവിധിയെന്ന് ബേല ഭാട്ടിയ പറഞ്ഞു. വെറും സാധാരണക്കാരായ ആദിവാസികളാണ് ഇവരെല്ലാം. കുടുംബത്തെ നയിക്കാനുള്ള ചുമതലയുണ്ടായിരുന്നവർ. അഞ്ച് വർഷം ഇവർ ജയിലിലാകുമ്പോൾ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. ഇവരുടെ കുടുംബത്തിനുണ്ടായ സാമ്പത്തികാഘാതം ഊഹിക്കാവുന്നതിലുമപ്പുറമാണ് -അവർ വ്യക്തമാക്കി.

121 പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഏഴ് പേരെ നേരത്തെ വിട്ടയച്ചിരുന്നു. ഒരാൾ ജയിലിൽ മരിക്കുകയും ചെയ്തു. 

Tags:    
News Summary - Chhattisgarh Court Acquits 121 Adivasis After 5 Years in a Maoist case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.