റാഞ്ചി: ദിവസങ്ങൾക്ക് മുമ്പാണ് ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും വേണമെന്ന ആഹ്വാനവുമായി ഛത്തീസ്ഗഢിലെ ഹിന്ദുത്വ നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി രംഗത്തുവന്നത്. ക്രിസ്തുമത വിശ്വാസികൾ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് മാർച്ച് ഒന്നിന് ഛത്തീസ്ഗഢിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ഗനക്‌പുർ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനുമാണ് ആദേശ് സോണിയുടെ ആഹ്വനം.
തുടർന്ന് ആ ദിവസം കലാപം നടക്കുമോ എന്ന ഭീതിയിൽ കഴിയുകയാണ് സംസ്ഥാനത്തെ ക്രിസ്തുമത വിഭാഗങ്ങൾ. ക്രിസ്തുമത വിഭാഗങ്ങൾക്കെതിരെ അണിനിരക്കാൻ ആദേശ് സോണി വാട്സ് ആപ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്തത്.
നിരവധി പോസ്റ്റുകളിലൂടെ സമൂഹ മാധ്യമം വഴി ക്രിസ്തുമതവിഭാഗങ്ങളോട് തുറന്ന യുദ്ധത്തിന് തന്നെയാണ് സോണി ഇറങ്ങിപ്പുറപ്പെട്ടത്.
''ഹിന്ദുക്കൾ ക്രിസ്ത്യാനികളെ മുഴുവൻ കൂട്ടമായി കൊലപ്പെടുത്തണം. അവരുടെ വീട്ടിൽ കയറി പെൺമക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്യണം. ഒരാളെ പോലും വെറുതെ വിടരുത്.''-എന്നാണ് ആദേശ് സോണി പറഞ്ഞത്.
ചുരുങ്ങിയത് 50,000 പേരെങ്കിലും മാർച്ച് ഒന്നിന് ക്രിസ്ത്യാനികൾക്കെതിരെ അണിനിരക്കണമെന്നും സോണി പറയുന്നുണ്ട്. കാട്ടുതീ പടരുന്ന വേഗത്തിലാണ് സമൂഹ മാധ്യമങ്ങൾ വഴി സോണിയുടെ വിദ്വേഷം പടർന്നത്. ഇത്തരം വിദ്വേഷ പ്രസംഗങ്ങളാണ് പലപ്പോഴും കലാപങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ക്രിസ്ത്യൻ സംഘടനകളും സിവിൽ സൊസൈറ്റികളും പങ്കുവെക്കുന്ന ആശങ്ക.
ഇത്തരം ഭീഷണികളിൽ നിന്ന് സർക്കാർ സംരക്ഷണം നൽകണമെന്നാണ് ക്രിസ്തുമത വിഭാഗങ്ങളുടെ ആവശ്യം. ആദേശ് സോണിയുടെ വിദ്വേഷ പ്രസംഗത്തിൽ ആശങ്കയറിയിച്ച് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ(എൻ.ബി.സി.സി) ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
മാർച്ച് ഒന്നിന് കലാപം നടന്നാൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും നൽകണമെന്നാണ് കത്തിലെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യയിലുടനീളം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കക്കിടയാക്കും വിധം വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.