രമേശ് ചെന്നിത്തല

ചെന്നിത്തല രാഹുലിനെയും ഖാർഗെയെയും കണ്ടു

ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിനായുള്ള കേരളത്തിലെ തിരക്കിട്ട നീക്കങ്ങൾക്കിടയിൽ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടു. മഹാരാഷ്ട്ര ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാനുള്ള യോഗത്തിനിടെയാണ് രമേശ് ചെന്നിത്തല ഇരുവരെയും കണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ നീക്കം നടത്തുന്ന കെ.സി. വേണുഗോപാലും ഈ യോഗത്തിലുണ്ടായിരുന്നു. ഇതിനു ശേഷം നിയമസഭാ കക്ഷിയോഗത്തിലേക്കുള്ള നിരീക്ഷകരായി കേരളത്തിലേക്ക് തിരിച്ച മുകുൽ വാസ്നികിനും അജയ് മാക്കനുമൊപ്പം അതേ വിമാനത്തിൽ രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തു.

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചക്കല്ല, മഹാരാഷ്ട്ര ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാനാണ് താൻ വന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കാര്യത്തിനല്ല താൻ വന്നതെന്നും എന്നാൽ, കേരളത്തിലെ വിജയത്തിന് നേതാക്കളെയും പ്രവർത്തകരെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചുവെന്നും രമേശ് പറഞ്ഞു. സോണിയ ഗാന്ധിയെ കണ്ടിട്ടില്ലെന്നും മറ്റുകാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞ രമേശ് ചെന്നിത്തല താൻ വളരെ സന്തുഷ്ടനാണെന്നും കൂട്ടിച്ചേർത്തു. ചെന്നിത്തല രാവിലെ ഡൽഹിയിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. തലേന്ന് കെ.സി. വേണുഗോപാലിനും ഇതുപോലെ സ്വീകരണം നൽകിയിരുന്നു.

അതേസമയം, നിയമസഭാ കക്ഷിയുടെ നേതാവിനെ തെരഞ്ഞെടുക്കാൻ നിയുക്ത എം.എൽ.എമാരെ കേന്ദ്ര നിരീക്ഷകരായ മുകുൽ വാസ്നികും അജയ് മാക്കനും ഒറ്റക്ക് കണ്ട് അഭിപ്രായം തേടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എങ്കിലും ഹൈകമാൻഡ് ആയിരിക്കും മുഖ്യമന്ത്രി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കുക. അതിലാകട്ടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായമാകും അന്തിമ തീരുമാനമായി വരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനുള്ള ഒരു തീരുമാനവും ഇതുവരെ കോൺഗ്രസ് ഹൈകമാൻഡിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേരളത്തിലെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം ആവശ്യമെങ്കിൽ മാത്രമേ മുതിർന്ന നേതാക്കളെ വിളിപ്പിക്കുകയുള്ളൂ.

Tags:    
News Summary - Chennithala met Rahul and Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.