ചെന്നൈ: റൗണ്ട്സിനിടെ ഹൃദയാഘാതമുണ്ടായ ഡോക്ടർക്ക് ദാരുണാന്ത്യം. ചെന്നൈ സവീത മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് ഹൃദ്രോഗവിദഗ്ധൻ ഡോ. ഗ്രാഡ് ലിൻ റോയ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ റൗണ്ട്സിനിടെ ഡോ. റോയ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദഗ്ധ ഡോക്ടർമാരടക്കമുള്ളവരുടെ സംഘം പരിശ്രമിച്ചെങ്കിലും റോയിയെ രക്ഷപ്പെടുത്താനായില്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. സി.പി.ആറിന് പിന്നാലെ, ആൻജിയോപ്ളാസ്റ്റി നടത്തുകയും സ്റ്റെൻഡ് സ്ഥാപിക്കുകയും ചെയ്തു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമാക്കാനായി ഉപയോഗിക്കുന്ന ഇൻട്രാ ഓർട്ടിക് ബലൂൺ പമ്പും (ഐ.എ.ബി.പി), ക്രിത്രിമ ഹൃദയവും ശ്വാസകോശവുമായി പ്രവർത്തിക്കുന്ന ഇ.സി.എം.ഒ എന്നിവയും റോയിയുടെ ചികിത്സക്കായി ഉപയോഗിച്ചെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ന്യൂറോ സർജനായ ഡോ. സുധീർ കുമാർ വ്യക്തമാക്കി.
ഡോ. റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായപരിധിയിലുളള ഡോക്ടർമാർക്കിടയിൽ ഹൃദയാഘാത നിരക്ക് ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരികയാണെന്നും ഡോ. കുമാർ എക്സിലെ കുറിപ്പിൽ പറഞ്ഞു.
ജോലിഭാരമാണ് ഇത്തരം സംഭവങ്ങളിൽ വില്ലനാവുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദിവസം ശരാശരി 12-18 മണിക്കൂർ ഒരു ഡോക്ടർ ജോലി ചെയ്യുന്നു, ചില സമയങ്ങളിൽ ഇത് 24 മണിക്കൂർ വരെയാവും. ഇതിന് പുറമെ, കടുത്ത മാനസിക സമ്മർദ്ദവും ഡോക്ടർമാർ ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ജീവിത ശൈലിയും ഡോക്ടർമാർക്കിടയിലെ ഹൃദ്രോഗത്തിന് കാരണമാവുന്നുണ്ട്. ഭക്ഷണ ശീലത്തിലെ കൃത്യതയില്ലായ്മയും വ്യായാമക്കുറവും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്താത്തതും മിക്ക കേസുകളിലും കാരണമാവുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഭാര്യയും മകനുമടങ്ങുന്നതാണ് ഡോ. ഗ്രാഡ് ലിൻ റോയിയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.