അസം ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ സർക്കാർ അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന്​ മടങ്ങി

ഗുവാഹത്തി: അസമിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ സർക്കാർ അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന്​ മടങ്ങി. സംഭവം ബി.ജെ.പി സർക്കാരിനെ നാണം കെടുത്തി. തിങ്കളാഴ്ചയാണ് അവാർഡുകൾ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാർഡ് ജേതാക്കൾ ബാങ്കിലെത്തിയപ്പോഴാണ് ചെക്ക് മടങ്ങിയ കാര്യം അറിയുന്നത്. 'വെള്ളിയാഴ്ച ചെക്ക് ബാങ്കിൽ നൽകി. എന്നാൽ അത് മടങ്ങിയതായി ബാങ്കിൽ നിന്ന് ഫോൺ ലഭിച്ചു. ഉടൻ തന്നെ ഞാൻ സംഘാടകരെ

വിളിച്ചു, സർക്കാർ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്ന് അവാർഡ് ജേതാക്കളിലൊരാളായ അപരാജിത പൂജാരി പി.ടി.ഐയോട് പറഞ്ഞു. 2018ലെ സിനിമയിലെ മികച്ച രചനക്കുള്ള സംസ്ഥാന പുരസ്‌കാരം അപരാജിത പൂജാരിക്കായിരുന്നു.

അമൃത് പ്രീതം (സൗണ്ട് ഡിസൈൻ), ദേബജിത് ചാങ്മൈ (സൗണ്ട് മിക്സിംഗ്), പ്രഞ്ജൽ ദേക (സംവിധാനം), ദേബജിത് ഗയാൻ (സൗണ്ട് ഡിസൈനും മിക്സിംഗും), ബെഞ്ചമിൻ ഡൈമറി (അഭിനയം) തുടങ്ങിയ അവാര്‍ഡ് ജേതാക്കൾക്ക്​ കൈമാറിയ ചെക്കുകളും മടങ്ങിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ആൻഡ്​ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (എ.എസ്.എഫ്.എഫ്ഡി.സി) സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചെക്കുകളിൽ കൾച്ചറൽ അഫയേഴ്‌സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്.

സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ഉത്തരവിട്ടു. ശനിയാഴ്ച സംഘാടകർ പൂജാരിയെ വിളിച്ച് ചെക്ക് വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ അത് ക്ലിയർ ചെയ്യുമെന്ന് അവർ പറഞ്ഞിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സാങ്കേതിക കാരണത്താലാണ് ചെക്കുകൾ മടങ്ങിയതെന്ന് എ.എസ്.എഫ്.എഫ്ഡി.സി ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ദിവസം 18 ലക്ഷം രൂപയുടെ ചെക്കുകൾ ക്ലിയർ ചെയ്തിരുന്നു. രണ്ടാം ദിവസം എട്ട് പേരുടെ ഒമ്പത് ചെക്കുകൾ നൽകിയപ്പോൾ മടങ്ങിയിരുന്നു. തകരാർ പരിഹരിച്ചതായും എട്ട് പേരെയും ചെക്ക് നിക്ഷേപിക്കാൻ ശനിയാഴ്ച വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Checks issued to Assam film award winners bounced due to lack of funds in government accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.